സിക്ക വൈറസിനിനെതിരെ മുന്‍കരുതലുമായി ഖത്തര്‍

Untitled-1ദോഹ:ഖത്തറില്‍ നിന്ന്‌ വിദേശരാജ്യങ്ങള്‍ സന്ദര്‍ശിക്കുന്നവര്‍ സിക്ക വൈറസിനെതിരെ മുന്‍കരുതല്‍ എടുക്കണമെന്ന്‌ നിര്‍ദേശം. ആരോഗ്യ മന്ത്രാലയമാണ്‌ ഇത്‌ സംബന്ധിച്ച നിര്‍ദേശം പുറപ്പെടുവിച്ചിരിക്കുന്നത്‌. ലാറ്റിനമേരിക്കന്‍ രാജ്യങ്ങളില്‍ വ്യാപകമായി റിപ്പോര്‍ട്ട്‌ ചെയ്യപ്പെട്ട സിക്ക വൈറസ്‌ ബാധ ഖത്തറില്‍ ബാധിച്ചിട്ടില്ലെന്ന്‌ ആരോഗ്യമന്ത്രാലയം അറിയിച്ചു.

എന്നാല്‍ ഗര്‍ഭിണികളായ സ്‌ത്രീകള്‍ ജാഗ്രത പാലിക്കണമെന്നും മന്ത്രാലയം മുന്നറിയിപ്പ്‌ നല്‍കി. ഇതിനിടെ വൈറസ്‌ ബാധയുള്ള രാജ്യങ്ങളിലേക്ക്‌ ടിക്കറ്റെടുത്ത ഗര്‍ഭിണികള്‍ക്കും സഹയാത്രികര്‍ക്കും ടിക്കറ്റ്‌ തുക തിരിച്ചു നല്‍കാന്‍ ഖത്തര്‍ എയര്‍വേയ്‌സ്‌ തീരുമാനിച്ചു.

കൊതുകു പരത്തുന്ന രോഗമായതു കൊണ്ട്‌ തന്നെ ധാരാളം കൊതുകുകള്‍ ഉള്ള പ്രദേശങ്ങളിലേക്ക്‌ യാത്ര ചെയ്യാതിരിക്കാന്‍ ശ്രദ്ധിക്കണമെന്നാണ്‌ നിര്‍ദേശം. ഇത്തരം സ്ഥലങ്ങളിലേക്ക്‌ യാത്ര ചെയ്യേണ്ടി വന്നാല്‍ കൊതുകുകളെ തുരത്തുന്ന ക്രീം പുരട്ടണമെന്നും ശരീരം മുഴുവനും മറയുന്ന തരത്തിലുള്ള വസ്‌ത്രങ്ങള്‍ ധരിക്കണമെന്നും മുന്നറിയിപ്പില്‍ വ്യക്തമാക്കുന്നുണ്ട്‌.

സിക്കയുടെ പശ്ചാത്തലത്തില്‍ ലോകാരോഗ്യ സംഘടന ആഗോള ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതിനെ തുടര്‍ന്നാണ്‌ ഖത്തര്‍ ആരോഗ്യമന്ത്രാലയവും നിര്‍ദേശങ്ങളുമായി രംഗത്തെത്തിയിരിക്കുന്നത്‌.