പകര്‍ച്ചപ്പനി പ്രതിരോധപ്രവര്‍ത്തനങ്ങള്‍ ശക്തമാക്കും – കെ.കെശൈലജ ടീച്ചര്‍

പകര്‍ച്ചപ്പനി പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുവാന്‍ ആരോഗ്യവകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരുടെ അടിയന്തിര യോഗം ചേംബറില്‍ വിളിച്ചു കൂട്ടി പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമാക്കാന്‍ നിര്‍ദ്ദേശം നല്‍കിയതായി ആരോഗ്യവകുപ്പു മന്ത്രി കെ.കെ.ശൈലജ ടീച്ചര്‍ അറിയിച്ചു. പനി പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കുവേണ്ടി വളരെ വിപുലമായ സജ്ജീകരണങ്ങള്‍ ജില്ലകളില്‍ ജില്ലാ മെഡിക്കല്‍ ഓഫീസര്‍മാരുടേയും ജില്ലാ പ്രോഗ്രാം മാനേജര്‍മാരുടേയും നേതൃത്വത്തില്‍ നടത്തി വരുന്നുണ്ട്. പനി ബാധിതര്‍ക്ക് സമ്പൂര്‍ണ്ണ ചികിത്സ ഉറപ്പാക്കുന്നതിന് വേണ്ട എല്ലാ കരുതല്‍ നടപടികളും ആരോഗ്യവകുപ്പ് എടുത്തുകഴിഞ്ഞു എന്ന് മന്ത്രി പറഞ്ഞു.

ഡോക്ടര്‍മാരുടേയും മറ്റു പാരാമെഡിക്കല്‍ സ്റ്റാഫുകളുടേയും കുറവുള്ള ആശുപത്രികളില്‍ താല്‍ക്കാലിക ജീവനക്കാരെ ഉപയോഗപ്പെടുത്തി പനിപ്രതിരോധം നടത്തുന്നതിനുവേണ്ട എല്ലാ നടപടികളും പൂര്‍ത്തിയാക്കിയിട്ടുണ്ട്. കൂടാതെ എല്ലാ ജില്ലകളിലും അതത് മന്ത്രിമാരുടെ നേതൃത്വത്തില്‍ പ്രത്യേക അവലോകന യോഗം നടത്തുകയും പനിപ്രതിരോധ പ്രവര്‍ത്തനം ഊര്‍ജ്ജിതപ്പെടുത്തുന്നതിന് മുഖ്യമന്ത്രി തലത്തില്‍ തീരുമാനം കൈക്കൊള്ളുകയും ചെയ്തിട്ടുണ്ട്.

സംസ്ഥാനത്തുടനീളം ജൂണ്‍ 27,28,29 തീയ്യതികളില്‍ ബഹുജനപങ്കാളിത്തത്തോടെ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിനും തീരുമാനിച്ചതായി മന്ത്രി അറിയിച്ചു. അവലോകന യോഗത്തില്‍ ആരോഗ്യവകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി ശ്രീ രാജീവ് സദാനന്ദന്‍, എന്‍.എച്ച്.എം എം.ഡി ശ്രീ. കേശവേന്ദ്രകുമാര്‍, കെ.എം.സി.എല്‍ എം.ഡി സ്രീമതി നവജോഥ് സിംഗ് ഖോസ, DHS ഡോ.സരിത ആര്‍.എല്‍ , DME ഡോ.റംല ബി.വി, തുടങ്ങി ആരോഗ്യം, ആയുഷ് വകുപ്പുകളിലെ ഉന്നത ഉദ്യോഗസ്ഥരും സീനിയര്‍ ഡോക്ടര്‍മാരും പങ്കെടുത്തു.

പകര്‍ച്ചവ്യാധി പ്രതിരോധം കൂടുതല്‍ ഊര്‍ജ്ജിതമാക്കുന്നതിന് ആരോഗ്യ, ആയുഷ് വകുപ്പിലെ പ്രധാന ഉദ്യോഗസ്ഥര്‍ , ഭക്ഷ്യസുരക്ഷാ വകുപ്പ്, കെ.എം.സി.എല്‍, തുടങ്ങിയ വിഭാഗങ്ങളുമായി വിശദമായി ചര്‍ച്ച നടത്തി. പനി കൂടുതല്‍ റിപ്പോര്‍ട്ട് ചെയ്യുന്ന മേഖലകളിലെ പ്രദാന ആശുപത്രികളില്‍ പനിക്ലിനിക്കുകള്‍ തുറക്കാന്‍ നടപടി സ്വീകരിക്കണം.ഡോക്ടര്‍മാര്‍, നഴ്സുമാര്‍, മറ്റു പാരാമെഡിക്കല്‍ സ്റ്റാഫുകള്‍ ശുചീകരണ തൊഴിലാളികള്‍ എന്നിവരെ ആവശ്യമായ എല്ലായിടത്തും താല്‍ക്കാലിക നിയമനം നടത്തണം. ഇതിന് ആവശ്യമായ ചെലവുകള്‍ ധനകാര്യവകുപ്പില്‍ നിന്ന് അനുവദിക്കുന്നതിന് മന്ത്രിസഭ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. കെട്ടിട സൗകര്യം ഇല്ലാത്തിടത്ത് അത്യാവശ്യമാണെങ്കില്‍ താല്‍ക്കാലിക പനിവാര്‍ഡുകള്‍ ഒരുക്കുന്നതാണെന്നും മന്ത്രി അറിയിച്ചു.

തദ്ദേശ സ്വയംഭരണ വകുപ്പ് . പി.എച്ച്.സികള്‍, സി.എച്ച്.സി കള്‍ എന്നിവിടങ്ങളിലെ ഡോക്ടര്‍മാരേയും സ്റ്റാഫിനേയും നിശ്ചയിച്ചു നല്‍കുവാന്‍ തീരുമാനിച്ചിട്ടുണ്ട്. പി.എച്ച്.സി യില്‍ ഒരു ഡോക്ടറേയും ഒരു നഴ്സിനേയും സി.എച്ച്.സി യില്‍ 2 ഡോക്ടറേയും 2 നഴ്സിനേയും നിയമിക്കുന്നതിന് പ്ലാന്‍ ഫണ്ടില്‍ നിന്ന് തുക വിനിയോഗിക്കാവുന്നതാണെന്ന് നിര്‍ദ്ദേശമുണ്ടായിട്ടുണ്ട്.

പനിമരണങ്ങളള്‍ ഒഴിവാക്കുന്നതിന് ചികിത്സാ പ്രോട്ടോക്കോളുകള്‍ കൃത്യമായി പിന്തുടരുന്നതിന് ഡോക്ടര്‍മാര്‍ക്ക് പ്രാദേശിക തലത്തില്‍ വീണ്ടും പരിശീലനം നല്‍കുന്നതാണ്. കാലവര്‍ഷം ശക്തമാകുന്നതോടെ എച്ച്1.എന്‍1വ്യാപിക്കുവാനിടയുണ്ട് എന്നത് പ്രത്യേകം ശ്രദ്ധിക്കണമെന്ന നിര്‍ദ്ദേശവും കീഴ്ഘടകങ്ങള്‍ക്കും പൊതുജനങ്ങള്‍ക്കും നല്‍കുന്നതാണ്. പരിശോധനാ സംവിധാനം കൂടുതല്‍ കാര്യക്ഷമമാക്കണം. കൂടുതല്‍ സൗകര്യങ്ങള്‍ ആവശ്യമായി വരുന്ന പി.എച്ച്.സി കളില്‍ ലാബ് സൗകര്യം പെട്ടെന്നുതന്നെ ഏര്‍പ്പെടുത്തും. മറ്റ് ആശുപത്രികളിലെ ലാബ് സൗകര്യങ്ങള്‍ മെച്ചപ്പെടുത്തും. പകര്‍ച്ചവ്യാധികളുടെ കാലത്ത് ഡോക്ടര്‍മാര്‍ ആവശ്യമെങ്കില്‍ ഒ.പി വൈകുന്നേരം വരെ ദീര്‍ഘിപ്പിക്കണമെന്ന മന്ത്രിസഭാ തീരുമാനം പ്രാവര്‍ത്തികമാക്കാന്‍ ഇടപെടും.

രോഗപ്രതിരോധത്തിന് ആയുര്‍വേദ ചികിത്സാവിധികള്‍ വ്യാപിപ്പിക്കും. അപരാജിത ചൂര്‍ണ്ണം കൊതുകു നശീകരണത്തിനായി വിതരണം ചെയ്യും. ഔഷധി ആവശ്യമായത്ര നിര്‍മ്മിച്ചുനല്‍കണം. ഇതോടൊപ്പം ഹോമിയോ പ്രതിരോധ ഔഷധങ്ങള്‍ വ്യാപകമായി വിതരണം ചെയ്യണം. മന്ത്രിസഭ തീരുമാനിച്ച ശുചീകരണ പ്രവര്‍ത്തനങ്ങളില്‍ ആരോഗ്യവകുപ്പിലെ ജീവനക്കാര്‍ നേതൃത്വപരമായ പങ്ക് വഹിക്കേണ്ടതാണ്. ജില്ലാതല മോണിറ്ററിംഗ് സെല്‍ കൃത്യമായ വിവരങ്ങള്‍ സംസ്ഥാന സെല്ലിലേക്ക് അയക്കണം. മന്ത്രിയുടെ ഓഫീസ് , സെക്രട്ടറിയുടെ ഓഫീസ്, ഡി.എച്ച്.എസ് , എന്‍.എ.എം എന്നിവിടങ്ങളില്‍ മോണിറ്ററിംഗ് സെല്‍ പ്രവര്‍ത്തിക്കുന്നുണ്ട്. പ്രതിരോധ പ്രവര്‍ത്തനം ശക്തമാക്കുന്നതിന് മുഴുവന്‍ ആളുകളുടേയും സഹായം അഭ്യര്‍ത്ഥിക്കുന്നു.

Related Articles