നിഗൂഢതയിലേക്കുള്ള കണ്ണാടി

മിസ്റ്റിക്‌ കഥകള്‍ (കഥകള്‍)
പുനരാഖ്യാനം: നദീം നൗഷാദ്‌
പ്രസിദ്ധീകരണം: ഒലീവ്‌
പേജ്‌: 274
വില: 210

Untitled-1 copyമിസ്റ്റിക്‌ എന്ന പദത്തിന്‌ ഗൂഢം, അജ്ഞേയം, രഹസ്യം എന്നൊക്കെയാണ്‌ അര്‍ത്ഥം. നിഗൂഢതയും അജ്ഞേയതയും ഉള്ളതുകൊണ്ടാകാം മനുഷ്യന്‌ ജീവിതംതന്നെ ഒരു തരത്തില്‍ `മിസ്റ്റിക്‌’ ആയി അനുഭവപ്പെടുന്നത്‌. ആ പാരസ്‌പര്യംകൊണ്ടുതന്നെയാവണം, `രഹസ്യങ്ങളുടെ രഹസ്യം’ അറിയാനുള്ള ഒരു ജിജ്ഞാസ അവനുള്ളതും; അങ്ങനെ ഈ പ്രപഞ്ചത്തിന്റെ നിഗൂഢതകളിലേക്ക്‌ മനുഷ്യന്‍ ചുഴിഞ്ഞുനോക്കുന്നതും.
ചിന്തയെ ഉണര്‍ത്തുന്നതും ജീവിതത്തിന്റെ നിഗൂഢതകളിലേക്ക്‌ പ്രയാണം ചെയ്യുന്നതുമായ സ്വഭാവവിശേഷം സ്വീകരിക്കുന്നതുകൊണ്ടാണ്‌ സെന്‍-താവോ-സൂഫി ആശയഗതികളോട്‌ പലരും ഒരുതരം വികാരപരമായ സമീപനം കൈക്കൊള്ളുന്നത്‌. അത്തരം ചിന്താധാരകളുടെയും ജീവിത ശൈലികളുടെയും പുറമേ ജീവിക്കുന്നവരും അതിന്റെ ആകര്‍ഷണവലയത്തില്‍ അറിഞ്ഞോ അറിയാതെയോ പെട്ടുപോവുകയും ചെയ്യുന്നു.
സാധാരണ മനുഷ്യര്‍ സഗൗരവം ജീവിക്കാന്‍ പാടുപെടുന്ന ജീവിതത്തെസംബന്ധിച്ച്‌ സെന്‍-താവോ-സൂഫി ആശയങ്ങള്‍ക്ക്‌ വ്യത്യസ്‌തമായ സമീപനമാണുള്ളത്‌. ഒരേ സമയം ലളിതവും എന്നാല്‍ നിഗൂഢവുമായ ഒരു ദ്വന്ദ്വം ജീവിതത്തോട്‌ ഇവയെല്ലാം വെച്ചുപുലര്‍ത്തുന്നുണ്ട്‌. ഒപ്പംതന്നെ ആ നിഗൂഢതകളുടെ ചുരുളഴിക്കാന്‍ ശ്രമിക്കുകുയും ചെയ്യുന്നു. അങ്ങനെ ഓരോ ഇതളുകളായി അഴിച്ചഴിച്ച്‌ പിന്നെ നിശ്ശൂന്യതപോലൊരു ശാന്തിനേടാമെന്നതുപോലെ, അനശ്വരതയിലേക്കുള്ള ഒരു പ്രയാണമായി ജീവിതത്തെ സമീപിക്കുകയാണ്‌ ഇത്തരം ദര്‍ശനങ്ങള്‍. അതേ സമയം സൗന്ദര്യാത്മകമായ ഒരു തലം അതിനുണ്ട്‌ എന്നത്‌ ആകര്‍ഷണത്തിന്റെ മറ്റൊരു അവസ്ഥയാണ്‌. ഇത്തരം ദര്‍ശനങ്ങളുടെ സമാഹാരമാണ്‌ മിസ്റ്റിക്‌ കഥകള്‍. അവ വെറും കഥകള്‍ മാത്രമല്ല, അതത്രയും സദ്‌വചനങ്ങളാണ്‌, ചിന്തോദ്ദീപകങ്ങളും സമാശ്വാസങ്ങളുമാണ്‌.
എല്ലാകാലത്തും, അടുത്തിടെ പ്രത്യേകിച്ചും സെന്‍-താവോ-സൂഫി ആശയങ്ങള്‍ക്കും കഥകള്‍ക്കും ധാരാളം വായനക്കാരുണ്ട്‌. അത്തരം കൃതികളുടെ വര്‍ദ്ധിച്ചുവരുന്ന പ്രസിദ്ധീകരണവും വില്‍പ്പനയും ഈ താത്‌പര്യത്തിന്റെ ദൃഷ്‌ടാന്തംതന്നെയാണ്‌.
ഒലീവ്‌ ബുക്‌സ്‌ പ്രസിദ്ധീകിരിച്ച `മിസ്റ്റിക്‌ കഥകള്‍’ എന്ന പുസ്‌തകവും ഈ ഗണത്തില്‍ പെടുന്നു. നദീം നൗഷാദ്‌ പരിഭാഷപ്പെടുത്തിയ സെന്‍-സൂഫി കഥകളുടെ സമാഹാരമായ മിസ്റ്റിക്‌ കഥകളില്‍ ഇരുനൂറിനടുത്ത്‌ കഥകളുണ്ട്‌. ഈ കഥകള്‍ ഒരു അലസ വായനയേക്കാള്‍ ചിന്തക്കും ഉള്‍ക്കാഴ്‌ചക്കും വെളിച്ചം പകരുന്നവയാണ്‌. അത്‌ ജീവിതത്തെയും ജീവിത ദര്‍ശനങ്ങളെയും ഏതൊക്കെയോ തലങ്ങളില്‍ വന്ന്‌ സ്‌പര്‍ശിക്കുകയും സ്വാധീനിക്കുകയും ചെയ്യുന്നുണ്ട്‌. ദാര്‍ശനികമായ തലത്തില്‍ പറയപ്പെടുന്ന ഈ കഥകളുടെ ആശയ ഗരിമയും വളരെ ഉയര്‍ന്നതാകുമ്പോഴും ആഖ്യാനത്തിന്റെ ലാളിത്യം മികവുറ്റതും വായിപ്പിക്കാനും സ്വാംശീകരിക്കാനും പ്രേരകവുമാണ്‌.
വിവര്‍ത്തനം ചെയ്യുന്നന്നതില്‍ ഏത്ര നല്ല കഥയും നല്ലതും മോശവുമാകുന്നതിന്‌ പരിഭാഷയ്‌ക്കും പങ്കുണ്ട്‌. ആ നിലയില്‍ നദീം നൗഷാദ്‌ ഈ കഥകള്‍ വായിപ്പിക്കുന്നതിന്‌ ഉതകുന്നവിധം നന്നായിത്തന്നെ പരിഭാഷ നിര്‍വ്വഹിച്ചിട്ടുണ്ട്‌. സരളസുന്ദരമായി അവതരിപ്പിക്കപ്പെട്ട ഈ മിസ്റ്റിക്‌ കഥകള്‍ തികച്ചും വ്യതിരിക്തമായ ഒരു വായനനാനുഭവം നല്‍കുന്ന കൃതിയാണ്‌.
കഥകള്‍ക്കു പുറമേ സെന്‍-സൂഫി ദര്‍ശനങ്ങളുമായി ബന്ധപ്പെട്ട്‌ സുസുക്കി, പി. എന്‍. ദാസ്‌, ദീപാങ്കുരന്‍, ഇ. എം. ഹാഷിം തുടങ്ങിയവര്‍ രചിച്ച കുറിപ്പുകളും ഈ പുസ്‌തകത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്‌. സെന്‍-സൂഫി ആശയ പ്രപഞ്ചത്തെ പരിചയപ്പെടുന്നതിന്‌ ഈ കുറിപ്പുകള്‍ വായനക്കാരനെ സഹായിക്കുന്നു.