ഷൊര്‍ണ്ണൂര്‍ നിലമ്പൂര്‍ പാതയില്‍ രാത്രികാല ട്രെയിന്‍ വരുന്നു

ഷൊർണൂർ – നിലമ്പൂർ പാതയിൽ രാത്രികാല ട്രെയിനിന് നിർദേശം സമർപ്പിച്ചതായി റെയിൽവേ അധികൃതർ. നിലമ്പൂർ റെയിൽവേ സ്റ്റേഷനിൽ പി.വി.അബ്ദുൽ വഹാബ് എം.പി, നിലമ്പൂർ – മൈസൂരു റെയിൽവേ ആക്‌ഷൻ കൗൺസിൽ, വ്യാപാരി സംഘടനാ ഭാരവാഹികൾ എന്നിവരുമായി നടത്തിയ ചർച്ചയിൽ ട്രെയിൻ വൈകാതെ ഓടിത്തുടങ്ങുമെന്ന പ്രതീക്ഷയും പാലക്കാട് ഡിവിഷനൽ റെയിൽവേ മാനേജർ പ്രതാപ് സിങ് ഷാമി പങ്കുവച്ചു.

എറണാകുളത്ത്നിന്ന് രാത്രി 8.20ന് ഷൊർണൂരെത്തുന്ന പാസഞ്ചർ 9.05ന് നിലമ്പൂർക്ക് നീട്ടാനാണ് നിർദേശം.
തിരുവനന്തപുരത്ത്നിന്ന് 8.50ന് ഷൊർണൂരെത്തുന്ന ജനശതാബ്ദി എക്സ്പ്രസിന് നിലമ്പൂർ ഭാഗത്തേക്ക് കണക്‌ഷൻ കിട്ടും. \

നിലമ്പൂരിൽനിന്ന് പുലർച്ചെ 3ന് മടങ്ങുന്ന ട്രെയിൻ 7.30ന് എറണാകുളത്തെത്തും. ഷൊർണൂരിൽ ദീർഘ ദൂര ട്രെയിനുകൾക്ക് കണക്‌ഷൻ ലഭിക്കും നെടുമ്പാശ്ശേരി വിമാനത്താവളത്തിലേക്കുള്ള യാത്രക്കാർക്കും ഉപകരിക്കും. ഹരിത ഇടനാഴിയായി പ്രഖ്യാപിച്ച പാതയിൽ പ്രകൃതിഭംഗി ആസ്വദിക്കാൻ ട്രെയിനുകളിൽ വിസ്റ്റാ ഡോം കോച്ച് ഘടിപ്പിക്കണമെന്ന ആവശ്യം ഡിആർഎം അംഗീകരിച്ചു.
കോച്ച് വരുന്നതോടെ വിനോദ സഞ്ചാര മേഖലയ്ക്ക് ഊർജം പകരും. ഗുഡ്സ് ഷെഡിൽ സിമന്റ് ഇറക്കുന്നതിന് വ്യവസായികൾ ഉന്നയിച്ച തടസങ്ങൾ ചർച്ചയിൽ പരിഹരിച്ചു. പഴയ സ്റ്റേഷൻ കെട്ടിടം ഹെറിറ്റേജ് മ്യൂസിയമാക്കും. സ്ഥലം അനുവദിച്ചാൽ കെട്ടിടത്തോട് ചേർന്ന് പാർക്കും ഉദ്യാനവും നിർമിച്ചു നൽകാമെന്ന് വ്യാപാരികളുടെ വാഗ്ദാനം പരിഗണിക്കാമെന്ന് ഉറപ്പ് ലഭിച്ചു.