ജര്‍മ്മനിയിലെ മ്യൂണിക്‌ നഗരത്തില്‍ ഷോപിങ്‌ മാളില്‍ വെടിവെയ്‌പ്പില്‍ നിരവധി പേര്‍ കൊല്ലപ്പെട്ടു

downloadബെര്‍ലിന്‍ :ജര്‍മനിയിലെ മ്യൂണിക് നഗരത്തില്‍ ഷോപ്പിങ് മാളിലുണ്ടായ വെടിവയ്പില്‍ നിരവധി പേര്‍  കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്. ഒളിമ്പിയ ഷോപ്പിങ് മാളില്‍ അതിക്രമിച്ച് കയറിയ അക്രമി ആള്‍ക്കൂട്ടത്തിനുനേരെ  വെടിയുതിര്‍ക്കുകയായിരുന്നു. വെള്ളിയാഴ്ചയുണ്ടായ സംഭവത്തില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഷോപ്പിങ് കോംപ്ളക്സ് പൊലീസ് വളഞ്ഞിരിക്കുകയാണ്. ഒന്നിലേറെപേര്‍ ചേര്‍ന്നാണോ വെടിവയ്പ് നടത്തിയതെന്ന് സംശയിക്കുന്നതായി പൊലീസ് വക്താവ് പറഞ്ഞു. അതേസമയം മരണസംഖ്യ 15 ആയതായി ജര്‍മന്‍ പ്രാദേശികമാധ്യമങ്ങള്‍ റിപ്പോര്‍ട്ട്ചെയ്തു.

ദക്ഷിണ ജര്‍മനിയിലെ ഒളിമ്പിക് സ്റ്റേഡിയത്തിന് സമീപമാണ് അക്രമം നടന്ന ഷോപ്പിങ് മാള്‍. സൈനികരും പ്രദേശത്തേക്ക് തിരിച്ചിട്ടുണ്ട്. നിരവധിപേര്‍ക്ക് വെടിയേറ്റതായി മാളിലെ ജോലിക്കാരന്‍  വാര്‍ത്താഏജന്‍സിയായ റോയിട്ടേഴ്സിനോട് പറഞ്ഞു. നിരവധിപേര്‍ അക്രമിയെ പേടിച്ച് ഒളിച്ചിരിക്കുകയാണ്. ജനങ്ങളെ സുരക്ഷിതമായി പൊലീസ് ഒഴിപ്പിക്കുകയാണ്. സംഭവത്തെ തുടര്‍ന്ന് ഇതുവഴിയുള്ള റോഡ് ഗതാഗതവും ട്രെയിന്‍ ഗതാഗതവും നിര്‍ത്തിവച്ചു. വെടിവയ്പിന്റെ ഉത്തരവാദിത്തം ആരും ഏറ്റെടുത്തതായി റിപ്പോര്‍ട്ടില്ല.

അതേസമയം ഏതാനും ദിവസംമുമ്പ് ഇസ്ളാമിക് സ്റ്റേറ്റ് അനുഭാവിയെന്ന് സ്വയം പ്രഖ്യാപിച്ച് കൌമാരക്കാരന്‍ പ്രാദേശിക ട്രെയിനിലെ യാത്രക്കാരെ ആക്രമിച്ചിരുന്നു. ഇതിന് പിറകെയാണ് രാജ്യത്തെ നടുക്കിയ വെടിവെയ്പ്പ്.