ഒമര്‍ അബ്ദുള്ളയുടെ വസതിക്ക്‌ നേരെ വെടിവെപ്പ്‌

downloadദില്ലി: കശ്‌മീര്‍ മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ളയുടെ ഒൗദ്യോഗിക വസതിക്ക്‌ നേരെ വെടിവെപ്പ്‌. ബിഎസ്‌എഫ്‌ ജവാനാണ്‌ വെടിയുതിര്‍ത്തത്‌. ഇയാള്‍ മുഖ്യമന്ത്രിയുടെ വീട്ടിലെ സുരക്ഷാ സംഘത്തിലെ അംഗമാണ്‌. അതെസമയം ഇയാളുടെ കൈവശമുണ്ടായിരുന്ന ഓട്ടോമാറ്റിക്‌ റൈഫിളില്‍ നിന്നും അബദ്ധത്തില്‍ വെടി പൊട്ടിയതാണെന്നും റിപ്പോര്‍ട്ടുണ്ട്‌. മാനസികമായി അസ്വസ്ഥനായ ജവാനെ പോലീസ്‌ ചോദ്യം ചെയ്‌ത്‌ വരികയാണ്‌.

രാവിലെ ഏഴുമണിയോടെ അഞ്ചുതവണയാണ്‌ ഇയാള്‍ വീടിനു നേര്‍ക്ക്‌ വെടി പൊട്ടിച്ചത്‌. ഉടന്‍ തന്നെ മറ്റ്‌ സുരക്ഷാ ഉദ്യോഗസ്ഥര്‍ ചേര്‍ന്ന്‌ ഇയാളെ പിടികൂടി. ഇയാളെ പിന്നീട്‌ പൊലീസ്‌ അറസ്റ്റുചെയ്‌തു. ഇയാളെ മുഖ്യമന്ത്രിയുടെ വീട്ടിലെ സുരക്ഷാസംഘത്തില്‍ നിന്നും മാറ്റി.

സംഭവ സമയത്ത്‌ ഒമര്‍ അബ്ദുള്ള വീട്ടിലുണ്ടായിരുന്നില്ല. അതെസമയം തന്റെ സുരക്ഷാ ഉദ്യോഗസ്ഥരെ തനിക്ക്‌ വിശ്വാസമുണ്ടെന്ന്‌ അദേഹം ട്വിറ്ററിലൂടെ പ്രതികരിച്ചു. മുഖ്യമന്ത്രിയുടെ വീട്ടില്‍ ആക്രമണം നടക്കുകയാണെന്ന്‌ കരുതി സമീപവാസികള്‍ പരിഭ്രാന്തരായി.

അതെസമയം ജമ്മു കാശ്‌മീരിലെ പൂഞ്ചില്‍ പാകിസ്‌താന്‍ വീണ്ടും വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചു. പാകിസ്‌താന്‍ റേഞ്ചേഴ്‌സ്‌ സൗസിയാനിലെ അതിര്‍ത്തി രക്ഷാ സേനയുടെ പോസ്‌റ്റിന്‌ നേരെയാണ്‌ ആക്രമണം നടത്തിയത്‌. ഞായറാഴ്‌ച രാത്രി പതിനൊന്ന്‌ മണിയോടെയാണ്‌ ആക്രമണം ആരംഭിച്ചത്‌. ആക്രമണത്തില്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ല.