ശോഭാ സുരേന്ദ്രന്റെ സ്ഥാനാര്‍ത്ഥിത്വം;സംസ്ഥാന നേതൃത്വം ഇടപെടുന്നു

SOBHA-SURENDRANപാലക്കാട്‌: ശോഭാ സുരേന്ദ്രന്റെ സ്ഥാര്‍ത്ഥിത്വത്തെ ചൊല്ലി ബിജെപി പ്രാദേശിക ഘടകത്തില്‍ ഉണ്ടായിരിക്കുന്ന അതൃപ്‌തി മാറ്റാന്‍ സംസ്ഥാന നേതൃത്വം ഇടപെടുന്നതായി റിപ്പോര്‍ട്ട്‌. ബിജെപി സംസ്ഥാന പ്രസിഡന്റ്‌ കുമ്മനം രാജശേഖരന്‍ തന്നെ പ്രാദേശിക ഘടകങ്ങളുമായി ചര്‍ച്ചനടത്തി പ്രശ്‌നം പരിഹരിക്കാനാണ്‌ ശ്രമം നടത്തുന്നത്‌.

പാലക്കാട്‌ മണ്ഡലത്തില്‍ മുന്‍ ജില്ലാ പ്രസിഡന്റ്‌ സി കൃഷ്‌ണകുമാറിനെ മത്സരിപ്പിയ്‌ക്കണമെന്ന മണ്ഡലം കമ്മിറ്റിയുടെ അഭിപ്രായം മറികടന്ന്‌ ശോഭാ സുരേന്ദ്രനെ സ്ഥാനാര്‍ത്ഥിയാക്കാനുള്ള നീക്കമാണ്‌ പ്രതിഷേധത്തിന്‌ ഇടയാക്കിയിരിക്കുന്നത്‌. ഇതിനിടെ ജില്ലാ തെരഞ്ഞെടുപ്പ്‌ കമ്മിറ്റിയുടെ ഉദ്‌ഘാടനം ശോഭാ സുരേന്ദ്രന്‌ പകരം സി കൃഷ്‌ണകുമാര്‍ നിര്‍വ്വഹിച്ചതും വിവാദമായിട്ടുണ്ട്‌.

സ്ഥാനാര്‍ത്ഥികളെ നിശ്ചയിക്കുന്നതിനായി മണ്ഡലം കമ്മിറ്റികളുമായി സംസ്ഥാന നേതൃത്വം നടത്തിയ കൂടിക്കാഴ്‌ചയില്‍ പാലക്കാട്‌ മണ്ഡലത്തില്‍ നിന്നും ഭൂരിഭാഗം പേരും നഗരസഭാ വൈസ്‌ ചെയര്‍മാന്‍ കൂടിയായ സി കൃഷ്‌ണകുമാറിന്റെ പേരായിരുന്നു നിര്‍ദേശിച്ചിരുന്നത്‌.