ആമിര്‍ഖാനെ അടിക്കുന്നവര്‍ക്ക്‌ ഒരു ലക്ഷം രൂപ നല്‍കുമെന്ന്‌ ശിവസേന

Story dated:Thursday November 26th, 2015,04 32:pm

aamirkhan-bpBfwലുധിയാന: രാജ്യത്തെ അസഹിഷ്‌ണുതയെക്കുറിച്ച്‌ നിലപാടെടുത്ത നടന്‍ ആമിര്‍ഖാനെ അടിക്കുന്നവര്‍ക്ക്‌ ഒരു ലക്ഷം രൂപ നല്‍കാമെന്ന്‌ പഞ്ചാബിലെ ശിവസേന ചെയര്‍മാന്‍. സിനിമ ചിത്രീകരണത്തിനായി ലുധിയാനയിലുള്ള ആമിര്‍ഖാനെതിരെ പ്രതിഷേധപ്രകടനം നടത്തിയ ശേഷമായിരുന്നു ശിവസേനയുടെ വാഗ്‌ദാനം.

ദന്‍ഗല്‍ എന്ന സിനിമയുടെ ചിത്രീകരണത്തിനായി ലുധിയാനയിലുള്ള ആമിര്‍ഖാനെ തല്ലുന്നവര്‍ക്ക്‌ ഒരു ലക്ഷം രൂപ ല്‍കുമെന്നാണ്‌ ശിവസേനയുടെ വാഗ്‌ദാനം. ഓരോ തല്ലിനും ഓരോ ലക്ഷം രൂപ നല്‍കാമെന്നാണ്‌ ശിവസേന പഞ്ചാബ്‌ ചെയര്‍മാന്‍ രാജീവ്‌ ടണ്ഡന്റെ അവകാശവാദം. ആമിര്‍ഖാനെ അടിക്കുന്ന വീഡിയോ ദൃശ്യം നല്‍കിയാല്‍ ഉടന്‍ പണവുമായി മടങ്ങാമെന്നാണ്‌ രാജീവ്‌ ടണ്ഡന്‍ പറയുന്നു. പന്തയം ജയിക്കുന്നവര്‍ ധൈര്യശാലികളും രാജ്യസ്‌നേഹികളുമാണ്‌. സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍ക്കും, ആമിര്‍ ഖാന്‍ താമസിക്കുന്ന ഹോട്ടലിലെ ജീവനക്കാര്‍ക്കും മത്സരത്തില്‍ പങ്കെടുക്കാമെന്നും രാജീവ്‌ ടണ്ഡന്‍ പറയുന്നു.

ആമിര്‍ഖാന്റെ കോലം കത്തിച്ചും താരത്തിനെതിരെ അസഭ്യ വാക്കുകള്‍ ചൊരിഞ്ഞും ശിവസേന പ്രവര്‍ത്തകര്‍ ലുധിയാനയില്‍ പ്രകടനം നടത്തി. ആമിര്‍ഖാന്റെ സുരക്ഷ കൂട്ടിയതായി ലുധിയാന അസി.പോലീസ്‌ കമ്മീഷണര്‍ അറിയിച്ചു. ചിത്രീകരിണം പൂര്‍ത്തിയാക്കി ഉടന്‍ മടങ്ങിയേക്കും. ഇന്ത്യയില്‍ സഹിഷ്‌ണുതയില്ലെന്ന്‌ തോന്നുന്നുവെങ്കില്‍ ആമിര്‍ ഖാന്‌ പാക്കിസ്ഥാനിലേക്ക്‌ പോകാമെന്ന്‌ ശിവസേനയുടെ മഹാരാഷ്ട്ര പരിസ്ഥിതി വകുപ്പ്‌ മന്ത്രി രാംദാസ്‌ കദം കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ഇന്ത്യയില്‍ അരക്ഷിതാവസ്ഥയുണ്ടെന്നും ഇന്ത്യയില്‍ കഴിയുന്നതില്‍ ഭാര്യ കിരണ്‍ റാവു ആശങ്ക പ്രകടിപ്പിച്ചു എന്നുള്ള ആമിര്‍ ഖാന്റെ വാക്കുകള്‍ വലിയ വിവാദത്തിന്‌ ഇടയാക്കിയിരുന്നു. തുടര്‍ന്ന്‌ ഇന്ത്യ വിടാന്‍ തനിക്കോ ഭാര്യക്കോ ഉദേശമില്ലെന്നും ചടങ്ങിനിടെ പറഞ്ഞ കാര്യങ്ങളില്‍ ഉറച്ച്‌ നില്‍ക്കുന്നുവെന്നും ആമിര്‍ ഖാന്‍ നിലപാടെടുത്തിരുന്നു.