ഷീഷ പുകവലിയേക്കാള്‍ ദോഷം;അര്‍ബുദത്തിന്‌ കാരണമാകും;ഖത്തര്‍ ഗവേഷണ സംഘം

Untitled-1 copyദോഹ: ഷീഷ സിഗരറ്റിനേക്കാള്‍ അപകടകാരിയാണെന്ന്‌ പഠന റിപ്പോര്‍ട്ട്‌. ഖത്തറിലെ ഗവേഷണ സംഘമായ വെയ്‌ല്‍ കോര്‍ണല്‍ മെഡിസിന്‍ നടത്തിയ പഠനത്തിലാണ്‌ ഇക്കാര്യം വ്യക്തമാക്കിയത്‌. ഷീഷ വലിക്കുന്നതിലൂടെ ശരീരത്തിലെ വിഷ വസ്‌തുക്കളെ ശുദ്ധീകരിക്കുമെന്നുള്ളത്‌ തെറ്റാണെന്നും ഇവര്‍ പറയുന്നു. ഷീഷ പുകവലിക്കുന്നവരും വിവധതരത്തിലുള്ള അര്‍ബുദവും തമ്മിലുള്ള ബന്ധം പരിശോധിച്ചു നടത്തിയ പഠനത്തിലാണ്‌ ഷീഷയുടെ ഉപയോഗം അര്‍ബുദത്തിന്‌ കാരണമാകുമെന്ന്‌്‌ വ്യക്തമാക്കിയിരിക്കുന്നത്‌.

നീളമുള്ള ജലപൈപ്പിലൂടെയാണ്‌ ഷീഷ വലിക്കുന്നത്‌. വെള്ളത്തില്‍ കൂടി പുക വരുന്നതിനാല്‍ ഇതു ഹാനീകരമല്ലെന്നാണ്‌ പൊതുജനങ്ങളുടെ ധാരണ. ഈ ധാരണ തെറ്റാണെന്നും വെള്ളം പുകയെ തണുപ്പികുകമാത്രമാണ്‌ ഇങ്ങനെ ചെയ്യുമ്പോള്‍ സംഭവിക്കുന്നതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. പുകവലിക്കുന്നയാള്‍ കൂടുതല്‍ പുക ഇതുവഴി ഉള്ളിലേക്ക്‌ വലിച്ചു കയറ്റുന്നതായും ഇതിലൂടെ കൂടുതല്‍ വിഷവസ്‌തുക്കള്‍ ശരീരത്തില്‍ എത്തുകയും ചെയ്യുന്നതായി റിപ്പോര്‍ട്ടില്‍ പറയുന്നു.

ഷീഷ വലിക്കുന്നവരില്‍ തല, കഴുത്ത്‌, അന്നനാളം, ഉദരം, ശ്വാസനാളം എന്നിവിടങ്ങളില്‍ 95 ശതമാനവും ഉദരം, മൂത്രാശയ ഭാഗങ്ങള്‍ എന്നിവിടങ്ങളിലും അര്‍ബുദം വരാന്‍ സാധ്യതയുണ്ടെന്നുമാണ്‌ റിപ്പോര്‍ട്ട്‌.