ദക്ഷിണകൊറിയയില്‍ കപ്പലപകടം; മരണം 25; 271 പേരെ കാണാനില്ല

Ship-Capsizeദക്ഷിണ കൊറിയ : വിനോദ സഞ്ചാര ദ്വീപിലേക്ക് സ്‌കൂള്‍ വിദ്യാര്‍ത്ഥികളുമായി പുറപ്പെട്ട കപ്പല്‍ മുങ്ങി 25 പേര്‍ മരിച്ചു. സംഭവത്തില്‍ കാണാതായ 271 പേര്‍ക്കായി തിരച്ചില്‍ തുടരുകയാണ്. കൊറിയയിലെ ജെജു എന്ന ദ്വീപിലേക്ക് ഉല്ലാസ യാത്രക്കായി പുറപ്പെട്ട ചെറു കപ്പലിലെ ജീവനക്കാരടക്കം 475 പേരാണ് കപ്പലിലുണ്ടായിരുന്നത്. 179 പേരെ ദുരിതാശ്വാസ പ്രവര്‍ത്തകര്‍ രക്ഷപ്പെടുത്തി കരക്കെത്തിച്ചിട്ടുണ്ട്. രക്ഷാ പ്രവര്‍ത്തനത്തിന് പോസ്റ്റ് ഗാര്‍ഡിന്റെയും, നാവിക സേനയുടെയും നേതൃത്വത്തില്‍ 500 മുങ്ങല്‍ വിദഗ്ദ്ധരും 169 ബോട്ടുകളും, 29 ഹെലികോപ്റ്ററുകളും നേതൃത്വം നല്‍കുന്നു.

അതേസമയം കപ്പലിലെ ക്യാപ്റ്റനും അധികൃതര്‍ക്കുമെതിരെ കപ്പലിലുണ്ടായിരുന്ന വിദ്യാര്‍ത്ഥികളുടെ രക്ഷിതാക്കള്‍ രംഗത്തെത്തിയിട്ടുണ്ട്. കപ്പല്‍ മുങ്ങി തുടങ്ങിയപ്പോള്‍ സ്വയം രക്ഷക്ക് വേണ്ടി എടുത്ത് ചാടി ആദ്യം രക്ഷപ്പെട്ടത് ക്യാപ്റ്റനാണെന്ന് സ്ഥിരീകരിച്ചതായി റിപ്പോര്‍ട്ടുണ്ട്. കൂടാതെ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിലും, വിവരങ്ങള്‍ അറിയിക്കന്നതിലും സര്‍ക്കാര്‍ പരാജയപ്പെട്ടെന്നും കപ്പലിലുണ്ടായിരുന്ന വിദ്യാര്‍ത്ഥികളുടെ രക്ഷിതാക്കള്‍ ആരോപണം ഉന്നയിച്ചിട്ടുണ്ട്.