Section

malabari-logo-mobile

ശിലാലിഖിതങ്ങള്‍

HIGHLIGHTS : സറീന ഷമീര്‍ എം ടി ദൃശ്യമാധ്യമങ്ങളുടെ വേലിയേറ്റങ്ങള്‍ക്ക് മുമ്പ് ആശയ വിനിമയത്തിനുള്ള ഏക ഉപാധി, കത്തുകള്‍. മാനസിക വ്യാപാരങ്ങള്‍ മഷിത്തുള്ളികളിലൂടെ ...

സറീന ഷമീര്‍ എം ടി sareena

ദൃശ്യമാധ്യമങ്ങളുടെ വേലിയേറ്റങ്ങള്‍ക്ക് മുമ്പ് ആശയ വിനിമയത്തിനുള്ള ഏക ഉപാധി, കത്തുകള്‍. മാനസിക വ്യാപാരങ്ങള്‍ മഷിത്തുള്ളികളിലൂടെ അനര്‍ഘളമായി നിര്‍ഗമിക്കുന്ന മാന്ത്രികാനുഭവം. കൗതുകങ്ങളുടെയും, ആശങ്കകളുടെയും, പരിഭവങ്ങളുടെയും ഹര്‍ഷോന്‍മാദങ്ങളുടെയും പ്രവാഹം. ചെറു വിശേഷങ്ങള്‍ മുതല്‍ ജനനവും, മരണവും വരെ നമ്മെ അറിയിച്ചിരുന്നത് എഴുത്തുകളായിരുന്നു. ഇളം മഞ്ഞ നീലനിറങ്ങളിലുള്ള കടലാസുതുണ്ടുകളില്‍ ഒളിച്ചിരുന്നത് ഒരു മനമായിരുന്നു. അകലങ്ങള്‍ അകലങ്ങളായിരുന്ന കാലത്ത് കൂടിക്കാഴ്ചകള്‍ അപ്രായോഗികമായിരുന്നു.സ്‌നേഹത്തിന്റെ പലഭാവങ്ങള്‍ വിരിയുന്ന ലേഖനങ്ങള്‍ പലര്‍ക്കും ഇന്നും അമൂല്യനിധിയാവുന്നത് അതുകൊണ്ട് തന്നെയാണ്. വിരഹ ദുഃഖിതര്‍ക്ക് കത്തുകള്‍ വേനല്‍ മഴയായിരുന്നു. പുതുവര്‍ഷങ്ങളിലും, ആഘോഷവേളകളിലും ആശംസാകാര്‍ഡുകള്‍ വാങ്ങുവാനുള്ള നെട്ടോട്ടമാണ്. സതീര്‍ത്ഥ്യരുടെ പിറന്നാളുകള്‍ ഹൃദ്യസ്ഥമായിരുന്ന നമുക്ക് ഒരു ഫെയ്‌സ്ബുക്കിന്റെയും ശുപാര്‍ശ ആവശ്യമായിരുന്നില്ല. മനസ്സിനിണങ്ങിയ ആശംസാകാര്‍ഡുകള്‍ തേടിയലയാന്‍ നമുക്ക് നേരമുണ്ടായിരുന്നൂ.
കാത്തിരിപ്പിന്റെ രസം നുണയാന്‍ നമുക്ക് ഭാഗ്യമുണ്ടായിരുന്നു. കാലചക്രങ്ങളുടെ പ്രയാണത്തില്‍ എല്ലാ അലിഞ്ഞില്ലാതായി.inlandletter

sameeksha-malabarinews

ക്ഷണിക്കാതെ വരുന്ന അതിഥി നമുക്കത്ര പഥ്യമല്ല. കൈയില്‍ ഒരു കെട്ട് കടലാസുമായി വരുന്ന ഈ അതിഥിയെ നാമാേരാരുത്തരും പ്രതീക്ഷിക്കുന്നു. വെറും കടലാസല്ല കെട്ടോ ഇദ്ദേഹത്തിന്റെ കൈയില്‍, ഹൃത്തില്‍ വികാരവിസ്‌ഫോടനം സൃഷ്ടിക്കാന്‍ ശേഷിയുള്ള ആയുധം കൊണ്ടാണിദ്ദേഹത്തിന്റെ വരവ്. ഹൃദയത്തില്‍ കുളിര്‍മഴ പെയ്യിക്കാനും ഒരേസമയം മായാത്ത മുറിപ്പാടുകളുണ്ടാക്കുവാനും ശേഷിയുള്ള ആയുധം. ഊടുവഴികളും മേല്‍വിലാസങ്ങളും മനഃപാഠമാക്കിയ, കാക്കിനിറത്തിന്റെ പര്യായമായ നമ്മുടെ സ്വന്തം, പോസ്റ്റ്മാന്‍!. ഒരു വെളുത്ത കണ്ണടയും അതിലേറെ വെളുത്ത പല്ലുകളുമുള്ള തനി കാര്‍മുകില്‍ വര്‍ണ്ണനായിരുന്നു ഞങ്ങളുടെ പോസ്റ്റ്മാന്‍. സദാ പ്രസന്നവദനനായിരുന്ന അദ്ദേഹം തന്റെ കര്‍ത്തവ്യം ആത്മാര്‍ത്ഥതയോടെ നിറവേറ്റുന്നതോടൊപ്പം അത് നന്നായി ആസ്വദിക്കുകയും ചെയ്തിരുന്നു. ഒരു പാട് കാത്തിരിപ്പുകള്‍ക്ക് അന്ത്യം കുറിച്ച തന്റെ നിയോഗത്തില്‍ ആത്മ നിര്‍വൃതിയടഞ്ഞിരുന്നു. സ്വകാര്യതക്ക് ഇത്രമേല്‍ മുറവിളി കൂട്ടാത്ത അന്ന് ഒരു പിടി തുറന്ന എഴുത്തുകളുമായായിരുന്നല്ലോ അദ്ദേഹത്തിന്റെ നടപ്പ്. ശരീരഭാഷ വശമായിരുന്ന അദ്ദേഹത്തിന് ഞങ്ങള്‍ നാട്ടുകാരെ കുറിച്ച് ഏകദേശ ധാരണ ഉണ്ടായിരുന്നിരിക്കണം. ഞങ്ങള്‍ കുട്ടികളുടെ പേരുകള്‍ ഹൃദ്യസ്ഥമായിരുന്ന അദ്ദേഹം എല്ലാവരുടെയും വിശേഷങ്ങള്‍ തിരക്കാന്‍ സമയം കണ്ടെത്തിയിരുന്നു.

പഠനത്തില്‍ സമര്‍ത്ഥരായിരുന്ന എന്റെ സഹോദരിയുടെ കഥകള്‍ പ്രസിദ്ധീകരിച്ച് വന്ന മാസികകളും പിന്നീട് എസ്എസ്എല്‍സി പരീക്ഷാഫലം കാത്തിരുന്ന നേരം അനന്തപുരിയില്‍ നിന്ന് നേരിട്ട് ‘ഭാവിയുള്ള ഈ കുട്ടിയെ തുടര്‍ന്നും പഠിപ്പിക്കണം’ എന്ന ശുപാര്‍ശയോട് കൂടി വന്ന പോസ്റ്റ് കാര്‍ഡും ഞങ്ങളിലെത്തിച്ച് സന്തോഷം പങ്കിട്ടു. ചിലപ്പോള്‍ ഗള്‍ഫില്‍ നിന്നുമുള്ള എഴുത്തുകള്‍ വായിച്ചുകൊടുക്കുവാനുള്ള ഉത്തരവാദിത്വം അദ്ദേഹത്തില്‍ നിക്ഷിപ്തമായിരുന്നു. വികാരതീവ്രമായ വാക്കുകള്‍ ശ്രോതാവിനെ പുളകം കൊള്ളിച്ചപ്പോള്‍ അദ്ദേഹത്തിന് നല്ല നേരം പോക്കായി. വല്ലപ്പോഴും തന്റെ ഭാവനയും അതില്‍ ചേര്‍ത്തിരുന്നോ, ആവോ ആര്‍ക്കറിയാം.

സാമ്പത്തിക അരക്ഷിതാവസ്ഥക്ക് ‘മണിയോര്‍ഡറി’ലൂടെ സാന്ത്വനമേകിയപ്പോള്‍ ആ പ്രസന്നവദനന്‍ സായൂജ്യമടഞ്ഞിരുന്നു. അദ്ദേഹവും അതില്‍ ഒരു പങ്ക് പറ്റിയ കാര്യം നമുക്ക് സൗകര്യപൂര്‍വ്വം മറക്കാം, ഒരു സ്‌നേഹസമ്മാനം എന്ന ഗണത്തില്‍ പെടുത്താം. എഴുത്തുകളില്‍ കണിശത പുലര്‍ത്തിയിരുന്ന എന്റെ പിതാവ് പോസ്റ്റ്മാനെ വഴിയില്‍ വച്ച് കണ്ടാല്‍ പിന്നെ ആ വരവും പ്രതീക്ഷിച്ച് കോലായില്‍ തന്നെ ഇരിപ്പുണ്ട്. അത്രമേല്‍ പ്രിയമുള്ളൊരു സന്ദേശവാഹകനായിരുന്നു അദ്ദേഹം. കാലക്രമേണ കാക്കിനിറം നീലയ്ക്ക് വഴിമാറി കൊടുത്തപ്പോള്‍ നാം നിസ്സംഗരായിരുന്നു. മാറ്റങ്ങള്‍ ഇഷ്ടപ്പെട്ടില്ലെങ്കിലും മാറ്റങ്ങള്‍ ഉള്‍കൊള്ളാന്‍ പ്രാപ്തരായിരിക്കുന്നു നാം, മര്‍ത്ത്യര്‍. എല്ലാം കാലയവനികക്കുള്ളില്‍ മണ്‍മറഞ്ഞ കാല്‍പാടുകളായി ഇന്ന് നഷ്ടങ്ങളുടെ പട്ടികയില്‍ ചേര്‍ക്കുന്നൂ. ഇ ഒറ്റമരത്തണലിനെ………….kathiruppu

 

 

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!