ശശാങ്ക്‌ മനോഹര്‍ ബിസിസിഐ പ്രസിഡന്റ്‌

417747-shashank-manohar-meetമുംബൈ: ശശാങ്ക്‌ മനോഹറെ ബിസിസിഐ പ്രസിഡന്റായി തെരഞ്ഞെടുത്തു. മുംബൈയില്‍ ചേര്‍ന്ന ബിസിസിഐയുടെ പ്രത്യേക ജനറല്‍ ബോഡി യോഗമാണ്‌ 58 കാരനായ ശശാങ്ക്‌ മനോഹറെ ബിസിസിഐയുടെ മുപ്പതാമത്‌ പ്രസിഡന്റായി തെരഞ്ഞെടുത്തത്‌. ഐകകണേ്‌ഠനയായിരുന്നു തെരഞ്ഞെടുപ്പ്‌. അന്തരിച്ച ജഗ്മോഗഹന്‍ ഡാല്‍മിയയുടെ പകരക്കാരനായാണ്‌ ശശാങ്ക്‌ മനോഹര്‍ വീണ്ടും ബിസിസിഐ അധ്യക്ഷസ്ഥാനത്തെത്തിയത്‌.

ശ്രീനിവാസന്‍ ക്യാമ്പിന്‌ എതിരാളിയെ നിര്‍ത്താന്‍ കഴിയാതെ വന്നതോടെയാണ്‌ ഏകപക്ഷിയമായി ശശാങ്ക്‌ മനോഹര്‍ ബോര്‍ഡ്‌ തലപ്പത്തെത്തിയത്‌. ബിസിസഐയില്‍ എന്‍ ശ്രീനിവാസന്‍ ശരദ്‌ പവാര്‍ യുഗം അവസാനിപ്പിക്കാന്‍ സെക്രട്ടറി അനുരാഗ്‌ താക്കൂര്‍ നടത്തിയ നീക്കമാണ്‌ ഒടുവില്‍ ഫലം കണ്ടത്‌. ശശാങ്ക്‌ മനോഹറിന്‌ ബിജെപിയുടെ പിന്തുണയുണ്ടെന്ന്‌ ശരദ്‌ പവാറിനെ ഒരു പ്രത്യക്ഷനീക്കത്തില്‍ നിന്നും പിന്നോട്ടടിപ്പിക്കുകയും ചെയ്‌തു. അതോടെ ശശാങ്ക്‌ മനോഹറിന്‌ മുന്നിലെ അവസാന കടമ്പയും നീങ്ങി.

സംശുദ്ധ പ്രതിച്ഛായയുള്ള മനോഹറിന്‌ കിഴക്കന്‍ മേഖല പൂര്‍ണമായും പിന്തുണച്ചു. അഭിഭാഷകന്‍ കൂടിയായ ശശാങ്ക്‌ മനോഹര്‍ 2008 മുതല്‍ 11 വരെ ബിസിസിഐ പ്രസിഡന്റായിരുന്നു. എന്‍ ശ്രീനിവാസന്‍ ഇന്നത്തെ യോഗത്തില്‍ പങ്കെടുത്തില്ല. പ്രതിനിധിയായി തമിഴ്‌നാട്‌ ക്രിക്കറ്റ്‌ അസോസിയേഷന്‍ വൈസ്‌ പ്രസിഡന്റ്‌ ടി എസ്‌ രാമനാണ്‌ പങ്കെടുത്തത്‌. ഐപിഎല്‍ കുംഭകോണത്തില്‍ പെട്ട്‌ പുറത്തായ മുന്‍ അദ്ധ്യക്ഷന്‍ എന്‍ ശ്രീനിവാസന്‌ ഇനി ബോര്‍ഡിന്റെ തലപ്പത്തേക്ക്‌ 2017 വരെ തിരിച്ചെത്താനാകില്ലെന്നുറപ്പാണ്‌.