Section

malabari-logo-mobile

ചെറിയ കേസുകളില്‍പെട്ട് ഷാര്‍ജ ജയിലില്‍ കഴിയുന്ന മുഴുവന്‍  മലയാളികളെയും മോചിപ്പിക്കും: ഷാര്‍ജ ഭരണാധികാരി 

HIGHLIGHTS : തിരുവനന്തപുരം:ഗുരുതരമായ ക്രിമിനല്‍ കുറ്റങ്ങളൊഴികെയുളള കേസുകളില്‍പെട്ട് ഷാര്‍ജയിലെ ജയിലുകളില്‍ കഴിയുന്ന മുഴുവന്‍ കേരളീയരെയും മോചിപ്പിക്കുമെന്ന് ഷാര്...

തിരുവനന്തപുരം:ഗുരുതരമായ ക്രിമിനല്‍ കുറ്റങ്ങളൊഴികെയുളള കേസുകളില്‍പെട്ട് ഷാര്‍ജയിലെ ജയിലുകളില്‍ കഴിയുന്ന മുഴുവന്‍ കേരളീയരെയും മോചിപ്പിക്കുമെന്ന് ഷാര്‍ജ ഭരണാധികാരി ഡോ. ഷേക്ക് സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസിമി പറഞ്ഞു. രാജ്ഭവനില്‍ കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയുടെ ഡീലിറ്റ് ബിരുദം ചാന്‍സലര്‍ കൂടിയായ ഗവര്‍ണര്‍ പി. സദാശിവത്തില്‍ നിന്ന് സ്വീകരിച്ച ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.

ചെക്ക് കേസുകളിലും സിവില്‍ കേസുകളിലുംപെട്ട് മൂന്നു വര്‍ഷത്തിലേറെയായി ഷാര്‍ജയിലെ ജയിലുകളില്‍ കഴിയുന്നവരെ മോചിപ്പിക്കണമെന്ന് രാവിലെ ക്ലിഫ് ഹൗസില്‍ നടന്ന ചര്‍ച്ചയില്‍ ഷാര്‍ജ ഭരണാധികാരിയോട് മുഖ്യമന്ത്രി പിണറായി വിജയന്‍ അഭ്യര്‍ത്ഥിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ജയിലുകളില്‍ കഴിയുന്നവര്‍ക്ക് മാപ്പ് നല്‍കാന്‍ ഷേക്ക് സുല്‍ത്താന്‍ തീരുമാനിച്ചത്.
കേരളീയര്‍ മാത്രമല്ല ചെറിയ കേസുകളില്‍പെട്ട് ജയിലിലായ മുഴുവന്‍ വിദേശീയരേയും മോചിപ്പിക്കുകയാണെന്ന് ഷേക്ക് സുല്‍ത്താന്‍ പറഞ്ഞു. ജയിലുകളില്‍ കഴിയുന്നവരെ മോചിപ്പിക്കാന്‍ ഷാര്‍ജ ഭരണാധികാരി സമ്മതിച്ച കാര്യം മുഖ്യമന്ത്രിയാണ് ബിരുദദാന ചടങ്ങില്‍ ആദ്യം പരാമര്‍ശിച്ചത്. ”ജയിലുകളിലുളളവരെ നാട്ടിലേക്ക് തിരിച്ചയക്കണമെന്നാണ് ഞാന്‍ അഭ്യര്‍ത്ഥിച്ചത്. ‘എന്നാല്‍ എന്തിന് അവര്‍ നാട്ടില്‍ പോകണം, അവര്‍ ഇവിടെ തന്നെ നില്‍ക്കട്ടെ. അവര്‍ക്ക് ഷാര്‍ജയില്‍ നല്ല ജോലി നല്‍കും’. എന്നാണ് ശൈഖ് സുല്‍ത്താന്‍ പറഞ്ഞതെന്ന് മുഖ്യമന്ത്രി അറിയിച്ചു.

sameeksha-malabarinews

ഉന്നത വിദ്യാഭ്യാസ മേഖലയില്‍ കേരളത്തിന് ആവശ്യമായ സഹായം നല്‍കാന്‍ തയ്യാറാണെന്ന് ഷേക്ക് സുല്‍ത്താന്‍ പറഞ്ഞു. ഈ മേഖലയില്‍ ഭാവിയില്‍ നടത്തുന്ന പ്രവര്‍ത്തനങ്ങളില്‍ പങ്കാളിയാകാനും ആശയപരമായും സാമ്പത്തികമായും വേണ്ട സഹായം നല്‍കാനും ഷാര്‍ജ തയ്യാറാണെന്നും അദ്ദേഹം അറിയിച്ചു.
നൂറ്റാണ്ടുകളായി കേരളത്തിലെയും ഷാര്‍ജയിലെയും ജനത പരസ്പരം സഹകരിച്ചു കഴിയുകയാണെന്ന് ഷേക്ക് സുല്‍ത്താന്‍ പറഞ്ഞു. കഴിഞ്ഞ ആറു പതിറ്റാണ്ടായി ഈ ബന്ധത്തിന്റെ തീവ്രത വര്‍ദ്ധിച്ചു. കേരളത്തില്‍ നിന്നുള്ള പ്രൊഫഷണലുകള്‍, കച്ചവടക്കാര്‍, വ്യവസായികള്‍ എന്നിവരുടെ സേവനം കേരളത്തിനും ഷാര്‍ജയ്ക്കും ഒരുപോലെ പ്രയോജനപ്രദമാണെന്ന് കാണാനാവും. ഈ സേവനങ്ങളെ ഷാര്‍ജ ഏറെ വിലമതിക്കുന്നു. രാജ്യത്തെ യുവജനങ്ങള്‍ക്ക് മികച്ച വിദ്യാഭ്യാസം ലഭ്യമാക്കുകയാണ് മികച്ച ദീര്‍ഘകാല നിക്ഷേപമെന്ന് കേരളത്തെപ്പോലെ ഷാര്‍ജയും വിശ്വസിക്കുന്നു. നമ്മുടെ കഴിവുള്ള ബിരുദധാരികളുടെ സര്‍ഗപരവും നൂതനവുമായ ആശയങ്ങളാണ് സാമ്പത്തികവും സാമൂഹ്യവും സാംസ്‌കാരികവുമായ ലക്ഷ്യങ്ങള്‍ നേടുന്നതിനുള്ള ഏറ്റവും ആവശ്യമായ ചേരുവകകളെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!