ഷാര്‍ജയില്‍ ബിജെപി മുന്‍ കൗണ്‍സിലര്‍ ഓടുന്ന കാറില്‍ നിന്ന് വീണു മരിച്ചു

ഷാര്‍ജ: ബിജെപിയുടെ മുന്‍ വനിതാ കൗണ്‍സിലര്‍ വാഹനാപകടത്തില്‍ മരിച്ചു. കാസര്‍കോഡ് സ്വദേശി സുനിത പ്രശാന്ത്(40) ആണ് മരിച്ചത്. അപകടത്തില്‍ രണ്ടു പേര്‍ക്കു പരിക്കേറ്റു. ഷാര്‍ജയില്‍ ബ്യൂട്ടീഷനായി ജോലി ചെയ്തു വരികയായിരുന്നു സുനിത.

കഴിഞ്ഞദിവസം രാത്രി ദൈദ് റോഡിലായിരുന്നു അപകടം സംഭവിച്ചത്. സുനിത താമസിക്കുന്ന സ്ഥലത്ത് കീടനാശനി പ്രയോഗം നടത്തിയിരുന്നതിനാല്‍ രാത്രി സ്ഥാപം അടച്ച ശേഷം ബ്യൂട്ടി സലൂണ്‍ ഉടമ മലയാളിയായ സൂസന്‍,സഹപ്രവര്‍ത്തകരായ രണ്ടുപേരും ദൈദിലേക്ക് പോകുകയായിരുന്നു. സൂസനായിരുന്നു കാര്‍ ഓടിച്ചിരുന്നത്. ദൈദ് റോഡിലൂടെ വേഗത്തില്‍ സഞ്ചരിച്ചിരുന്ന കാറിന്റെ വാതില്‍ തനിയെ തുറന്ന് സുനിത പുറത്തേക്ക് തെറിച്ചുവീഴുകയായിരുന്നു. ഇലക്ട്രിക് പോസ്റ്റില്‍ തലയിടിച്ചതിനാല്‍ സുനിത സംഭവ സ്ഥലത്തുവച്ചുതന്നെ മരണപ്പെട്ടു. ഇതെ തുടര്‍ന്ന് പെട്ടന്ന് ബ്രേക്ക് ചവിട്ടിയതിനെ തുടര്‍ന്ന് കാര്‍ റോഡ് ഡിവൈഡറിലിടിച്ചപ്പോഴാണ് സൂസനും നേപ്പാളി യുവതിക്കും പരിക്കേറ്റത്.

കാസര്‍കോട് നഗരസഭയില്‍ ബിജെപി കൗണ്‍സിലറായിരുന്ന സുനിത നേരത്തെ ഉദുമ മണ്ഡലം ബിജെപി സ്ഥാനാര്‍ത്ഥിയായും മത്സരിച്ചിരുന്നു. സുനിത കഴിഞ്ഞ അഞ്ച് വര്‍ഷമായി ഷാര്‍ജയില്‍ ബ്യൂട്ടീഷനായി ജോലിചെയ്തുവരികയായിരുന്നു. അടുത്തിടെയാണ് ഭര്‍ത്താവ് പ്രശാന്ത് സന്ദര്‍ശക വിസയില്‍ യുഎഇയിലെത്തിയത്. മക്കള്‍:സംഗീത് പ്രശാന്ത്(17), സഞ്ജന പ്രശാന്ത്(14). മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകാനുള്ള ശ്രമങ്ങള്‍ നടക്കുകയാണ്.