ഷംഷാദ് ഹുസൈന്‍ ആദ്യ മുത്തവല്ലി

കൊച്ചി: ഏറെ നാളത്തെ നിയമയുദ്ധത്തിനൊടുവില്‍ സംസ്ഥാനത്തെ ആദ്യത്തെ വനിത മുത്തവല്ലി(ട്രസ്റ്റ് ചുമതലക്കാരന്‍,രക്ഷാധികാരി) സ്ഥാനം എറണാകുളം പുല്ലേപ്പടി മുഹമ്മദ് ഹൂസൈന്റെ മകള്‍ ഷംഷാദ് ഹുസൈന്. മട്ടാഞ്ചേരി ഹാജി ഉസ്മാന്‍ അല്ലാറാഖിയ ആന്‍ഡ് അയൂബ് ഹാജി അബ്ദുള്‍ റഹിമാന്‍ ട്രസ്റ്റിന്റെ മുത്തവല്ലിയായി അംഗീകരിച്ചാണ് വഖഫ് ട്രിബ്യൂണല്‍ ജഡ്ജി ജോസ് ടി തോമസ് ഉത്തരവിട്ടത്.

മുപ്പത്തഞ്ച് വര്‍ഷത്തെ നിയമ പോരാട്ടമാണ് വിജയം കണ്ടത്. പിന്തുടര്‍ച്ചാ ക്രമപ്രകാരം പരേതനായ മുഹമ്മദ് ഹുസൈന്‍ സേട്ടിന്റെ മകള്‍ ഷംഷാദ് ഹുസൈനാണ് മുത്തവല്ലി സ്ഥാനം ലഭിക്കേണ്ടിയിരുന്നത്. എന്നാല്‍ 1977 ല്‍ സേട്ടിന്റെ മരണശേഷം ഇദേഹത്തിന്റെ സഹോദരി പുത്രന്‍ കോടികളുടെ ആസ്തിയുള്ള ട്രസ്റ്റിന്റെ മുത്തവല്ലി സ്ഥാനം ഏറ്റെടുക്കുകയായിരുന്നു. ഇതിനെതിരെയാണ് കേസ് നല്‍കിയത്.

സുപ്രീംകോടതി വിധിപ്രകാരം മതപരമായ ചടങ്ങുകള്‍ക്ക് നേതൃത്വം ആവശ്യമില്ലാത്ത വഖഫുകളില്‍ സത്രീകള്‍ക്ക് മുത്തവല്ലി സ്ഥാനത്തിന് അവകാശമുണ്ടെന്നു കണ്ടെത്തിയാണ് ട്രിബ്യൂണല്‍ ഉത്തരവ്. വര്‍ഷങ്ങളുടെ നിയമ പോരാട്ടത്തിനിടെ വീടും മറ്റു വസ്തുവകകളും ന്ഷ്ടമായ ഷംഷാദിന് വിധി ആശ്വാസകരമായി. ഇവരുടെ ഉപ്പൂപ്പ അല്ലാറഖിയ 120 വര്‍ഷം മുമ്പാണ് മട്ടാഞ്ചേരിയില്‍ ഈ ട്രസ്റ്റ് സ്ഥാപിച്ചത്.

മുത്തവല്ലി മാര്‍ക്ക് പളളിയിലെ ട്രസ്റ്റ് സ്ഥാനമാണ് ഉള്ളത്. എന്നാല്‍ വഖഫ് സ്വത്തിന്മേലുള്ള രക്ഷാധികാരി സ്ഥാനമാണ് ഷംഷാദിന് ലഭിക്കുന്നത്. സംസ്ഥാനത്തെ 1500 സ്വത്തുകളില്‍ അവകാശം ലഭിച്ച ഏക വനിത മുത്തവല്ലിയാണ് ഷംഷാദ്. ഹര്‍ജിക്കാരിക്കുവേണ്ടി അഭിഭാഷകരായ ഇ എസ് എം കബീര്‍,ആമീന ബീവി എന്നിവര്‍ ഹാജരായി.