മലപ്പുറം ജില്ലാ കലക്‌ടറായി എ. ഷൈനാമോള്‍ ചുമതലയേറ്റു


shaina molമലപ്പുറം:  മലപ്പുറം ജില്ലാ കലക്‌ടറായി എ. ഷൈനാമോള്‍ ചുമതലയേറ്റുജില്ലാ കലക്‌ടറായി 2007 ബാച്ച്‌ ഐ.എ.എസ്‌. ഉദ്യോഗസ്ഥയായ എ. ഷൈനാമോള്‍ ചുമതലയേറ്റു. എസ്‌. വെങ്കടേസപതി തിരുവനന്തപുരം ജില്ലാ കലക്‌ടറായി നിയമിതനായതിനെ തുടര്‍ന്നാണ്‌ കൊല്ലം ജില്ലാ കലക്‌ടറായിരുന്ന എ. ഷൈനാമോള്‍ മലപ്പുറത്ത്‌ ചുമതലയേറ്റത്‌. . ഹിമാചല്‍പ്രദേശ്‌ കേഡര്‍ ഉദ്യോഗസ്ഥയായ ഷൈനാമോള്‍ 2014 ഫെബ്രുവരിയിലാണ്‌ ഡെപ്യൂട്ടേഷനില്‍ കേരളത്തിലെത്തിയത്‌. ഹിമാചലില്‍ അസി. കമ്മീഷനര്‍ (ഡവലപ്‌മെന്റ്‌), സബ്‌ ഡിവിഷനല്‍ മജിസ്‌ട്രേറ്റ്‌, അഡീഷനല്‍ ഡവലപ്‌മെന്റ്‌ കമ്മീഷനര്‍, വ്യവസായ വകുപ്പ്‌ അഡീഷനല്‍ ഡയറക്‌ടര്‍ തുടങ്ങിയ പദവികള്‍ വഹിച്ചു.


എറണാകുളം ജില്ലയിലെ ആലുവ സ്വദേശിനിയാണ്‌. ആലുവ യു.സി. കോളെജില്‍ നിന്ന്‌ സാമ്പത്തിക ശാസ്‌ത്രത്തില്‍ ബിരുദാനന്തര ബിരുദം നേടി. അച്ഛന്‍ എസ്‌. അബു റിട്ട. ഹൈസ്‌കൂള്‍ അധ്യാപകനാണ്‌. പി.കെ. സുലൈഖയാണ്‌ അമ്മ. ഐ.എ.എസ്‌. ഉദ്യോഗസ്ഥയായ സഹോദരി ഷൈല മുംബൈയില്‍ സെയില്‍സ്‌ ടാക്‌സ്‌ ജോയിന്റ്‌ കമ്മീഷനറും ഐ.പി.എസ്‌. ഉദ്യോഗസ്ഥനായ സഹേദരന്‍ അക്‌ബര്‍ ആലപ്പുഴ ജില്ലാ പൊലീസ്‌ മേധാവിയുമാണ്‌.
ബുധനാഴ്‌ച രാവിലെ 10.15 ന്‌ കലക്‌ടറേറ്റിലെത്തിയ ഷൈനാമോള്‍ക്ക്‌ എ.ഡി.എം. പി. സെയ്യിദ്‌ അലിയുടെ നേതൃത്വത്തില്‍ ഡെപ്യൂട്ടി കലക്‌ടര്‍മാര്‍, മറ്റ്‌ ഉദ്യോഗസ്ഥര്‍ ചേര്‍ന്ന്‌ സ്വീകരിച്ചു. ആര്‍.ആര്‍. ഡെപ്യൂട്ടി കലക്‌ടര്‍ എ. നിര്‍മലകുമാരി ബൊക്കെ നല്‍കി. ചുമതലയേറ്റ ശേഷം വിവിധ വകുപ്പ്‌ ഉദ്യോഗസ്ഥരുമായി കലക്‌ടര്‍ ചര്‍ച്ച നടത്തി. കരിപ്പൂര്‍ വിമാനത്താവളം- ദേശീയ പാത വികസനം, ഗെയില്‍ പൈപ്പ്‌ലൈന്‍, ഓപ്പണ്‍ ഡെഫിക്കേഷന്‍ ഫ്രീ പദ്ധതി, മണല്‍ഖനനം, ക്വാറി, ഭൂമിയുടെ ന്യായവില നിര്‍ണയത്തിലെ പ്രശ്‌നങ്ങള്‍, നിലമ്പൂര്‍ ബൈപ്പാസ്‌, ഹജ്‌ തുടങ്ങി ജില്ലയെക്കുറിച്ചുള്ള വിവിധ വിഷയങ്ങള്‍ ഉദ്യോഗസ്ഥരുമായി ചര്‍ച്ച ചെയ്‌തു.
കൊല്ലം ജില്ലയില്‍ കലക്‌ടായിരിക്കെ ഒന്നര വര്‍ഷത്തിനുള്ളില്‍ ജില്ലയ്‌ക്ക്‌ നേട്ടമായ വിവിധ പദ്ധതികള്‍ ആവിഷ്‌കരിച്ച്‌ നടപ്പാക്കിയിരുന്നു. നിയമസഭാ – ലോക്‌സഭാ തെരഞ്ഞെടുപ്പുകള്‍ മികച്ച രീതിയില്‍ നടത്തിയതും പുറ്റിങ്ങല്‍ വെടിക്കെട്ടപകട സമയത്ത്‌ രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക്‌ നേതൃത്വം നല്‍കുന്നതിലും മികച്ച രീതിയില്‍ പ്രവര്‍ത്തിച്ചു. എന്റെ കൊല്ലം, ജില്ലാ ഭരണം ജനങ്ങള്‍ക്കരികെ, സര്‍ക്കാര്‍ അഗതി മന്ദിരത്തിലെ അന്തേവാസികള്‍ക്ക്‌ പുറംലോകത്തിന്റെ വെളിച്ചം നല്‍കിയ സ്‌നേഹപൂര്‍വം കൊല്ലം, സിവില്‍ സ്റ്റേഷനിലെ ഉപയോഗശൂന്യമായ വാഹനങ്ങള്‍ നീക്കം ചെയ്‌ത്‌ കലക്‌റ്ററേറ്റ്‌ ശുചീകരണം നടത്തിയതും ശ്രദ്ധേയമായ നേട്ടങ്ങളായിരുന്നു. ശ്വാസകോശ രോഗ നിര്‍ണയത്തിന്റെയും ചികിത്സയുടെയും ഗുണനിലവാരം മെച്ചപ്പെടുത്തുന്നതിനായി ലോകാരോഗ്യ സംഘടന നിര്‍ദ്ദേശിക്കുന്ന പദ്ധതിയുടെ പ്രാരംഭ ഘട്ടം വിജയകരമായി നടപ്പാക്കിയതും ദേശീയ സമ്പാദ്യ പദ്ധതി സമാഹരണത്തില്‍ മികവ്‌ പുലര്‍ത്തിയതും നേട്ടങ്ങളായി. ഓണ്‍ലൈന്‍ പ്രശ്‌ന പരിഹാരത്തിനായി ഇ-സമാധാന്‍ സംവിധാവും തുടങ്ങിയിരുന്നു. ഭിന്നശേഷിയുള്ളവര്‍ക്കായി നടത്തിയ അദാലത്ത്‌, ആക്രമണങ്ങളെ പ്രതിരോധിക്കാന്‍ പെണ്‍കുട്ടികളെ പരിശീലിപ്പിക്കുന്ന ‘ഉണ്ണിയാര്‍ച്ച’, പിന്നാക്ക പ്രദേശങ്ങളിലെ കായിക പ്രതിഭകളെ കണ്ടെത്താന്‍ ‘ഏകലവ്യ’ പദ്ധതിയും നടപ്പാക്കി. സിവില്‍ സ്റ്റേഷനിലെ കാന്റീന്‍ നവീകരിച്ച്‌ ലാഭവിഹിതം കാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക്‌ വിനിയോഗിക്കാനുള്ള തീരുമാനവും ശ്രദ്ധേയമായിരുന്നു. ജില്ലയ്‌ക്കും പ്രതീക്ഷ നല്‍കുകയാണ്‌ കൊല്ലത്തിന്റെ സ്‌നേഹസ്‌പര്‍ശം.