ശബരിമലയിലെ സ്ത്രീ പ്രവേശനം; സുപ്രീം കോടതിയുടെ പുതിയ ബെഞ്ച് ഇന്ന് പരിഗണിക്കും

ദില്ലി: ശബരിമലയിലെ സ്ത്രീ പ്രവേശനം സംബന്ധിച്ച കേസ് സുപ്രീം കോടതി ഇന്ന് പരിഗണിച്ചേക്കും. ജസ്റ്റിസുമാരായ ദീപക് മിശ്ര, സി നാഗപ്പന്‍, ആര്‍ ഭാനുമതി എന്നിവരടങ്ങുന്ന പുതിയ ബെഞ്ച് ആണ് കേസ് പരിഗണിക്കുന്നത്. നേരത്തെ പരിഗണിച്ചിരുന്ന ബെഞ്ചില്‍ നിന്ന് ജസ്റ്റിസുമാരായ വി ഗോപാല്‍, ഗൗഡ കുര്യന്‍ ജോസഫ് എന്നിവര്‍ക്ക് പകരമാണ് ജസ്റ്റിസുമാരായ സി നാഗപ്പനും ആര്‍ ഭാനുമതിയും ബെഞ്ചില്‍ പുതുതായി ഉള്‍പ്പെട്ടത്.

തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റേത് ഉള്‍പ്പടെയുള്ള വാദം നേരത്തെ പൂര്‍ത്തിയായിരുന്നു. ബെഞ്ച് പുനസംഘടിപ്പിച്ച സാഹചര്യത്തില്‍ കേസിന്റെ വാദം ആദ്യം മുതല്‍ ആരംഭിക്കാന്‍ സാധ്യതയുണ്ട്.

കഴിഞ്ഞയാഴ്ചയാണ് കേസ് പരിഗണിക്കുന്ന ബെഞ്ച് പുനസംഘടിപ്പിച്ചത്. ശബരിമലയില്‍ ഒരു വിഭാഗം സ്ത്രീകള്‍ക്ക് പ്രവേശനം നിഷേധിച്ചിരിക്കുന്നതിനെ മുന്‍ബെഞ്ച് കേസിന്റെ വിചാരണ വേളയില്‍ ശക്തമായ രീതിയില്‍ ചോദ്യംചെയ്തിരുന്നു. കേസില്‍ രാജു രാമചന്ദ്രനെയും കെ രാമമൂര്‍ത്തിയേയും സുപ്രീം കോടതി അമിക്കസ് ക്യൂറിയായി നിയമിച്ചിരിക്കുകയാണ്.