ശബരിമലയില്‍ സ്‌ത്രീകളെ പ്രവേശിപ്പിക്കരുതെന്ന്‌ സുഗതകുമാരി

Sugathakumariകൊച്ചി: ശബരിമലയില്‍ സ്‌ത്രീകളെ പ്രവേശിപ്പിക്കരുതെന്ന്‌ കവയത്രി സുഗതകുമാരി. ഇപ്പോള്‍ തന്നെ ലക്ഷങ്ങളാണ്‌ അവിടെയെത്തുന്നതെന്നും ഇത്‌ താങ്ങാവുന്നതിന്‌ അപ്പുറമാണെന്നും അവര്‍ പറഞ്ഞു. പമ്പ മലീമസമാക്കുന്നതിനും കാനന ആവാസവ്യവസ്ഥ തകരാനും ഇത്‌ കാരണമാകുന്നു.

സ്‌ത്രീകള്‍ക്ക്‌ കൂടി ശബരിമലയില്‍ പ്രവേശനം അനുവദിച്ചാല്‍ രൂക്ഷമായ പാരിസ്ഥിതിക പ്രശ്‌നങ്ങള്‍ അതുമൂലമുണ്ടാകുമെന്നും അവര്‍ പറഞ്ഞു. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്‌ ആസ്ഥാനത്തെ പൊതുപരിപാടിയില്‍ സംസാരിക്കവെയാണ്‌ ഇക്കാര്യം പറഞ്ഞത്‌. താന്‍ സ്‌ത്രീവിരോധിയല്ലെന്നും അതെസമയം പ്രകൃതി സ്‌നേഹിയാണെന്നും സുഗതകുമാരി പറഞ്ഞു.
ക്ഷേത്രങ്ങളില്‍ കരിയും പുകയും വേണ്ടെന്ന്‌ പറഞ്ഞ ശ്രീനാരയണ ഗുരുവിന്റെ വാക്കുകള്‍ നാം മറക്കുന്നു. ക്ഷേത്രങ്ങളില്‍ നടക്കുന്ന ധൂര്‍ത്ത്‌ അവസാനിപ്പിക്കണമെന്നും അവര്‍ പറഞ്ഞു.