കാലിക്കറ്റ് സര്‍വ്വകലശാല യുണിയന്‍ എസ്എഫ്‌ഐക്ക്

തേഞ്ഞിപ്പലം : കാലിക്കറ്റ് സര്‍വ്വകലാശാല യുണിയന്‍ എസ്എഫ്‌ഐ തിരിച്ചുപിടിച്ചു.

തുടര്‍ച്ചയായി കാലിക്കറ്റ് ഭരിച്ചിരുന്ന എസ്എഫ്‌ഐക്ക് മുന്ന് വര്‍ഷം മുന്‍പാണ് യുണിയന്‍ നഷ്ടമായത്. അന്ന് നിയമഭേദഗതിവരുത്തി കുറുക്കുവഴിയിലുടെയാണ് യുണിയന്‍ യുഡിഎസ്എഫ് സഖ്യം പിടിച്ചെടുത്തതെന്ന് എസ്എഫ്‌ഐ ആരോപിച്ചിരുന്നു. നുറില്‍ കുറവ് വിദ്യാര്‍ത്ഥികള്‍ പഠിക്കുന്ന കോളേജുകള്‍ക്ക് യുയുസിയെ അനുവദിച്ചുകൊണ്ടുള്ള ഭേദഗതിയാണ് അന്നുണ്ടായത്‌

കൂര്‍ക്കഞ്ചേരി ജെ.പി.ഇ ട്രെയിനിംഗ് കോളേജിലെ വി.പി ശരത് പ്രസാദ് ചെയര്‍മാനായി തെരഞ്ഞെടുക്കപ്പെട്ടു. കോഴിക്കോട് മലബാര്‍ ക്രിസ്റ്റ്യന്‍ കോളേജിലെ എം. അജയ്‌ലാല്‍ ( വൈസ് ചെയര്‍മാന്‍), വളാഞ്ചേരി എം.ഇ.എസ് കെ.വി.എം കോളേജിലെ സജിത ഈശ്വരമംഗലത്ത് ( ലേഡി വൈസ് ചെയര്‍പേഴ്‌സണ്‍), പട്ടാമ്പി ശ്രീനീലകണ്ഠ ഗവ: കോളേജിലെ നീരജ് കുട്ടന്‍ (ജനറല്‍ സെക്രട്ടറി), ഗുരുവായൂര്‍ ശ്രീകൃഷ്ണ കോളേജിലെ മുഹമ്മദ് ഷെറിന്‍ ( ജോയിന്റെ സെക്രട്ടറി), പുല്‍പ്പള്ളി പഴശ്ശിരാജ കോളേജിലെ ജില്‍ജോ രാജു (വയനാട് ജില്ലാ എക്‌സിക്യൂട്ടീവ് അംഗം), കെ.കെ.ടി.എം ഗവ: കോളേജിലെ സി.ആര്‍ ശ്രീകാന്ത് ( തൃശ്ശൂര്‍ ജില്ലാ എക്‌സിക്യൂട്ടീവ് അംഗം), ശ്രീകൃഷ്ണപുരം വി.ടി ഭട്ടതിരിപ്പാട് കോളേജിലെ ശ്യാം കാര്‍ത്തിക് ( പാലക്കാട് ജില്ലാ എക്‌സിക്യൂട്ടീവ് അംഗം) എന്നിവരാണ് യൂണിവേഴ്‌സിറ്റി യൂണിയന്‍ ഭാരവാഹികളായി തെരഞ്ഞെടുക്കപ്പെട്ട എസ്.എഫ്.ഐ പ്രതിനിധികള്‍. മലപ്പുറം, കോഴിക്കോട് ജില്ലാ എക്‌സിക്യൂട്ടീവ് സ്ഥാനങ്ങള്‍ എം.എസ്.എഫിനാണ് ലഭിച്ചത്. കൊണ്ടോട്ടി ഇ.എം.ഇ.എ കോളേജിലെ കെ.എം ഇസ്മായില്‍ ( മലപ്പുറം ജില്ലാ എക്‌സിക്യൂട്ടീവ് അംഗം), ഫാറൂഖ് കോളേജിലെ സുഹൈബ് ( കോഴിക്കോട് ജില്ലാ എക്‌സിക്യൂട്ടീവ് അംഗം) എന്നിവരാണ് തെരഞ്ഞടുക്കപ്പെട്ട എം.എസ്.എഫ് പ്രതിനിധികള്‍.

രാവിലെ 9.30 മുതല്‍ ഉച്ചയ്ക്ക് ഒന്നുവരെയായിരുന്നു വോട്ടെടുപ്പ്. ഉച്ചയ്ക്ക് രണ്ട് മുതല്‍ വോട്ടെണ്ണി വൈകീട്ടോടെ ഫലം പ്രഖ്യാപിച്ചു. തെരഞ്ഞെടുപ്പില്‍ 384 യു.യു.സിമാരായിരുന്നു വോട്ടര്‍മാര്‍. എന്നാല്‍ 371 വോട്ടുകള്‍ മാത്രമേ രേഖപ്പെടുത്തിയുള്ളൂ. എസ്.എഫ്.ഐ സ്ഥാനാര്‍ത്ഥികള്‍ 51 മുതല്‍ 73 വരെ വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് വിജയിച്ചത്. തെരഞ്ഞെടുപ്പ് വിജയത്തെ തുടര്‍ന്ന് എസ്.എഫ്.ഐ , എം.എസ്.എഫ് പ്രവര്‍ത്തകര്‍ യൂണിവേഴ്‌സിറ്റി ക്യാമ്പസിലും തേഞ്ഞിപ്പലം ദേശീയപാതയിലും ആഹ്ലാദ പ്രകടനം നടത്തി. എസ്.എഫ്.ഐ സംസ്ഥാന സെക്രട്ടറി എം. വിജിന്‍, സംസ്ഥാന ജോയിന്റ് സെക്രട്ടറി ലിന്റോ ജോസഫ്, സംസ്ഥാന കമ്മിറ്റിയംഗങ്ങളായ നീനു, ശ്യാംപ്രസാദ്, ഷഫീഖ് എന്നിവര്‍ സംസാരിച്ചു.