അഞ്ചുവയസ്സുകാരിയെ പീഡിപ്പിച്ച അമ്മയുടെ അമ്മാവന് 10 വര്‍ഷ തടവ്

കാസര്‍കോഡ് : അഞ്ചു വയസുകാരിയെ പീഡിപ്പിച്ച അമ്മയുടെ അമ്മാവന് 10 വര്‍ഷം തടവ്. കര്‍ണാടക സ്വദേശി മാരുതിക്കെതിരെയാണ് മരുമകളുടെ മകളെ പീഡിപ്പിച്ച കേസില്‍ കാസര്‍കോഡ് സെഷന്‍സ് കോടതി വിധി പ്രഖ്യാപിച്ചത്. തടവിന് പുറമെ 2,000 രൂപ പിഴയും വിധിച്ചിട്ടുണ്ട്.

2012 നവംബറില്‍ കേന്ദ്രം പാസാക്കിയ പെണ്‍കുട്ടികള്‍ക്കെതിരെയുള്ള പീഡന നിരോധന നിയമം നിലവില്‍ വന്നതിന് ശേഷമുള്ള ആദ്യത്തെ കേസാണിത്. കഴിഞ്ഞ ഏപ്രില്‍ 17 നാണ് കേസിനാസ്പദമായ സംഭവം നടന്നത്. അവശയായ കുഞ്ഞിനെ ആശുപത്രിയില്‍ പ്രവേശിപ്പിതോടെയാണ് ഞെട്ടിപ്പിക്കുന്ന വിവരം പുറത്തായത്. സംഭവത്തില്‍ ഹോസ്ദുര്‍ഗ് പോലീസ് കേസെടുക്കുകയും ഒരു മാസത്തിനുള്ളില്‍ തന്നെ കുറ്റപത്രം സമര്‍പ്പിക്കുകയും ചെയ്തു.

കേസില്‍ പീഡിപ്പിക്കപ്പെട്ട കുഞ്ഞ് ഉള്‍പ്പെടെ 16 സാക്ഷികളെ കോടതി വിസ്തരിച്ചു. പ്രോസിക്യൂഷന് വേണ്ടി പബ്ലിക് പ്രോസിക്യൂട്ടര്‍ പി ഷുക്കൂര്‍ ഹാജരായി. കാസര്‍കോഡ് ജില്ലാ ആന്‍ഡ് സെഷന്‍സ് കോടതി ജഡ്ജി എം ജെ ശക്തിധരനാണ് വിധി പ്രഖ്യാപിച്ചത്.