ലൈംഗികാരോപണം ; തരുണ്‍തേജ്പാലിനെതിരെ കേസെടുത്തു

images (2)ദില്ലി : പത്രപ്രവര്‍ത്തകയെ ലൈംഗികമായി പീഡിപ്പിച്ചെന്ന ആരോപണത്തില്‍ തെഹല്‍കാ പത്രാധിപര്‍ തരുണ്‍ തേജ്പാലിനെതിരെ മാനഭംഗത്തിന് പോലീസ് കേസെടുത്തു. മാനഭംഗശ്രമം, സ്ത്രീത്വത്തെ അപമാനിക്കല്‍ തുടങ്ങിയ വകുപ്പുകള്‍ ഉള്‍പ്പെടുത്തിയാണ് ഗോവാ പോലീസ് തേജ്പാലിനെതിരെ എഫ്‌ഐആര്‍ തയ്യാറാക്കിയത്. അന്വേഷണ പുരോഗതിയെകുറിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഗോവാ സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.

അതേ സമയം അനേ്വഷണവുമായി സഹകരിക്കുമെന്ന് തരുണ്‍തേജ്പാല്‍ വ്യക്തമാക്കിയിട്ടുണ്ട്. പീഡനത്തിനിരയായ പെണ്‍കുട്ടി ഔദേ്യാഗികമായി പോലീസില്‍ പരാതി നല്‍കാതെ അനേ്വഷണവുമായി സഹകരിക്കില്ലെന്ന് തെഹല്‍കാ മാനേജിങ്ങ് എഡിറ്റര്‍ ഷോമാ ചൗധരി പറഞ്ഞതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

തരുണ്‍ തേജ്പാലിനെ കോണ്‍ഗ്രസ്സ് സംരക്ഷിക്കുകയാണെന്ന് രാജ്യസഭാ പ്രതിപക്ഷ നേതാവ് അരുണ്‍ ജെയ്റ്റ്‌ലി ആരോപിച്ചു.

ഗോവയില്‍ നടന്ന സാഹിത്യ സമ്മേളനത്തിനിടയിലാണ് സഹപ്രവര്‍ത്തകയായ പത്ര പ്രവര്‍ത്തകയെ തേജ്പാല്‍ പീഡിപ്പിച്ചതെന്നാണ് ആരോപണം. ഈ സംഭവത്തെ തുടര്‍ന്ന് പ്രസാദ് ഭാരതി ബോര്‍ഡിലേക്ക് തേജ്പാലിനെ നാമനിര്‍ദ്ദേശം ചെയ്തത് സര്‍ക്കാര്‍ റദ്ദാക്കി.