കുട്ടികളെ പീഡിപ്പിച്ച വൈദികന്‍ പിടിയില്‍

Story dated:Tuesday July 18th, 2017,12 32:pm

കല്‍പ്പറ്റ: വയനാട് മീനങ്ങാടിയിലെ ബാലഭവനില്‍ വെച്ച് ആണ്‍കുട്ടികളെ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കിയ കേസില്‍ വൈദികന്‍ അറസ്റ്റിലായി. ബാലഭവന്‍ മുന്‍ ഡയറക്ടര്‍ സജി ജോസഫ്(40) ആണ് അറസ്റ്റിലായിരിക്കുന്നത്. ഒളിവില്‍ കഴിയുകയായിരുന്ന ഇയാളെ മംഗളൂരുവില്‍ വെച്ച് പോലീസ് പിടികൂടുകയായിരുന്നു.

കോഴിക്കോട്,വയനാട് സ്വദേശികളായ രണ്ടു കുട്ടികളെ പ്രകൃതിവിരുദ്ധ പീഢനത്തിന് ഇരയാക്കിയ സംഭവത്തിലാണ് കേസ് എടുത്തിരിക്കുന്നത്. ബാലഭവന്റെ ഡയറക്ടറായി ജോലി ചെയ്യുമ്പോഴാണ് കുട്ടികളെ ചൂഷണത്തിനിരയാക്കിയത്. ചൈല്‍ഡ് ലൈന്‍ അന്വേഷിച്ച് വിശദമായ റിപ്പോര്‍ട്ട് പോലീസിന് കൈമാറിയ ശേഷമാണ് കേസെടുത്തത്.

സംഭവത്തെ തുടര്‍ന്ന് മംഗളൂരുവില്‍ ബന്ധുവിന്റെ തോട്ടത്തില്‍ ഒളിവില്‍ കഴിഞ്ഞുവരവെയാണ് ഇയാള്‍ പിടിയിലായത്. കൊട്ടിയൂര്‍ സ്വദേശിയായ ഇയാളുടെ കുടുംബം ഇപ്പോള്‍ കോഴിക്കോട് കുണ്ടുതോടാണ് താമസം. ഇയാള്‍ കൂടുതല്‍ കുട്ടികളെ പീഡനത്തിന് ഇരയാക്കിയിട്ടുണ്ടോ എന്ന് പോലീസ് അന്വേഷിച്ച് വരികയാണ്.