നാദം ദോഹ ഒന്നാമത് അഖിലേന്ത്യാ സെവന്‍സ് ഫുട്ബാള്‍ ടൂര്‍ണമെന്റ്‌;ടോക്യോ ഫ്രൈറ്റ്‌ ജേതാക്കള്‍

footballദോഹ: നാദം ദോഹയുടെ ആഭിമുഖ്യത്തില്‍ നടന്ന ഒന്നാമത് അഖിലേന്ത്യാ സെവന്‍സ് ഫുട്ബാള്‍ ടൂര്‍ണമെന്റില്‍ ടോക്യോ ഫ്രൈറ്റ് ജേതാക്കളായി. ആവേശകരമായ ഫൈനലില്‍ ഒന്നിനെതിരെ നാല് ഗോളുകള്‍ക്കാണ് സ്‌കിയ കൊല്ലത്തിനെ ടോക്യോ ഫ്രൈറ്റ് പരാജയപ്പെടുത്തിയത്. ടോക്യോ ഫ്രൈറ്റിനു വേണ്ടി മുഫീര്‍ രണ്ടും സുഹൈലും  ഷഫാഫും ഓരോ ഗോള്‍ വീതവും നേടിയപ്പോള്‍ സ്‌കിയയുടെ ആശ്വാസ ഗോള്‍ മുഷിനാണ് കരസ്ഥമാക്കിയത്.

വക്‌റ സ്‌റ്റേഡിയത്തില്‍ നടന്ന ടൂര്‍ണമെന്റില്‍ 16 ടീമുകളാണ് മാറ്റുരച്ചത്.    വിജയികള്‍ക്കുള്ള നാദം ട്രോഫി സിറ്റി എക്‌സ്‌ചേഞ്ച് സി ഇ ഒ ഷറഫ് ഹമീദ് സമ്മാനിച്ചു. സമ്മാനത്തുകയായ 5000 റിയാല്‍ റിയാലിന്റെ ക്യാഷ് ചെക്ക് ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ഫുട്ബാള്‍ ടീംസ് ഖത്തറിന്റെ ജനറല്‍ സെക്രട്ടറി ഫിറോസ് ആലം, സൈനുദ്ധീന്‍ സിദ്ദിഖ് എന്നിവര്‍ ചേര്‍ന്ന് നല്കി.

രണ്ടാം സ്ഥാനക്കാരായ സ്‌കിയ കൊല്ലത്തിന് ഖത്തര്‍ ഫുട്ബാള്‍ അസോസിയേഷന്‍ ഏഷ്യന്‍ കമ്മ്യൂണിറ്റി കോര്‍ഡിനേറ്റര്‍ മുഹമ്മദ് ഖുതുബ് ട്രോഫി സമ്മാനിച്ചു. സമ്മാനത്തുകയായ 3000 റിയാല്‍ ഏഷ്യന്‍ കമ്മ്യൂണിറ്റി ഫുട്‌ബോള്‍ ഇന്ത്യന്‍ ടീം മാനേജര്‍ ജോണ്‍ ടെസ നല്കി.

വിജയികള്‍ക്കും രണ്ടാം സ്ഥാനക്കാര്‍ക്കുമുള്ള മെഡലുകള്‍ നാദം ദോഹ പ്രസിഡന്റ് അയൂബ് ജഫ്‌നയും ട്രഷറര്‍ കാസിം കറുത്തക്കയും നല്കി.

ടൂര്‍ണമെന്റിലെ ഏറ്റവും മികച്ച താരത്തിനുള്ള ട്രോഫി ടോക്യോ ഫ്രൈറ്റിന്റെ സുഹൈല്‍ സ്വന്തമാക്കി. മികച്ച ഗോള്‍കീപ്പര്‍ക്കുള്ള ട്രോഫി സ്‌കിയ യൂണിയന്‍ ഓട്ടോ പാര്‍ട്‌സിന്റെ ജാകിന്‍ നേടിയപ്പോള്‍ ടോപ് സ്‌കോറര്‍ പുരസ്‌കാരം ടോക്യോ ഫ്രൈറ്റിന്റെ മുഫീറും മികച്ച പ്രതിരോധ താരമായി ടോക്യോ ഫ്രൈറ്റിന്റെ യൂനുസും തെരഞ്ഞെടുക്കപ്പെട്ടു.