‘ആദ്യം മനുഷ്യനെന്ന കടമ നിര്‍വ്വഹിക്കുക, അതിനുശേഷം ഗീതയും ഖുറാനും തുറക്കുക’

kuthabhudeen ansari and ashok mochiകണ്ണുര്‍ :കുത്തബുദ്ധീന്‍ അന്‍സാരിയെ ഓര്‍ക്കുന്നില്ലേ. ഗുജറാത്തിലെ വംശഹത്യയുടെ ഇരുണ്ടനാളുകളി്ല്‍ സ്വന്തം ജീവനു വേണ്ടി കലാപകാരികളുടെ മുന്നില്‍ കൈകൂപ്പി നില്‍ക്കുന്ന ഇരകളുടെ പ്രതീകമമായി മാറിയ മുസ്ലീം ചെറുപ്പക്കാരനെ. കുത്തബുദ്ധീന്‍ അന്‍സാരിയും കത്തുന്ന കലാപത്തെരുവുകളില്‍ വേട്ടക്കാരുടെ വാളായി മാറിയ അശോക് മോച്ചിയെന്ന ചെരുപ്പുകുത്തിയും ഒരേ വേദിയില്‍ ഏകോദരസഹോദരങ്ങളായി സ്‌നേഹം പങ്കുവെച്ചപ്പോള്‍ ഒരിക്കല്‍ കൂടി നാം തിരിച്ചറിയുന്നു ഇന്ത്യയുടെ മതേതരമനസ്സ് കളങ്കപ്പെടുത്താന്‍ ഒരു വര്‍ഗീയവാദികള്‍ക്കുമാവില്ലെന്ന്.

കണ്ണുര്‍ തളിപ്പറമ്പില്‍ 14 സാംസ്‌കാരികസംഘടനകള്‍ ചേര്‍ന്ന് സംഘടിപ്പിച്ച, ‘ഗുജറാത്ത് വംശഹത്യയുടെ വ്യാഴവട്ടം’ എന്ന സെമിനാറിലാണ് കലാപത്തിന്റെ പ്രതീകങ്ങളായ ഇരയും വേട്ടക്കാരനും തമ്മിലുള്ള സംഗമത്തിന് വേദിയൊരുങ്ങിയത്.

വളരെ വികാര നിര്‍ഭരമായ ചടങ്ങില്‍ കുത്തബുദ്ദീന്‍ അന്‍സാരി പറഞ്ഞതേറെയും മതങ്ങളുടെ വേലിക്കെട്ടുകള്‍ക്കപ്പുറത്തെ മനുഷ്യത്തത്തെ പറ്റി. തന്നെ കാണാനെത്തുന്നവരില്‍ ആരാണ് ഹിന്ദുവെന്നോ ആരാണ് മുസ്ലീമെന്നോ തനിക്കി തിരിച്ചറിയില്ലെന്നും അവരിലെ മനുഷ്യത്വം മാത്രമാണ് താന്‍ ദര്‍ശിച്ചെതെന്നും അന്‍സാരി പറഞ്ഞു. മോദിക്കു വേണ്ടി തെരുവില്‍ കലാപം നടത്തിയ അശോക് മോച്ചിയോട് തനിക്ക് നിറഞ്ഞ സ്‌നേഹം മാത്രമാണെന്നും അവര്‍ അയാളെ ഉപയോഗിക്കുകയായിരുന്നെന്നും അന്‍സാരി പറഞ്ഞു

നരേന്ദ്രമോദിയുടെ ഗുജറാത്തില്‍ നിന്നല്ല മാഹത്മഗാന്ധിയുടെ ഗുജറാത്തില്‍ നിന്നാണ് താന്‍ വരുന്നതെന്ന ആര്‍ജവത്തോടെ വിളിച്ചുപറയുകയായിരുന്നു അശോക് മോച്ചിയെന്ന ചെറുപ്പക്കാരന്‍. ‘ നിങ്ങളോട് സംസാരിക്കാന്‍ എനിക്ക് നിങ്ങളുടെ ഭാഷയറിയില്ല പക്ഷേ മനുഷ്യത്വത്തിന്റെ ഭാഷക്ക് സ്വരം ആവിശ്യമില്ല ഗുജറാത്തില്‍ കൊട്ടിഘോഷിക്കുന്ന വികസനമില്ലെന്നും ഞാന്‍ ഇപ്പോഴും തെരുവി്ല്‍ കഴിയുന്ന ചെരുപ്പുകുത്തിതന്നെയാണ്. ഗുജറാത്ത് വികസനത്തെ കളിയാക്കികൊണ്ട് അശോക് മോച്ചി പറഞ്ഞു.
ചടങ്ങില്‍ തലശ്ശേരി വര്‍ഗീയകലാപത്തില്‍ പള്ളിക്ക് കാവല്‍ നില്‍ക്കെ കൊല്ലപ്പെട്ട കെ കുഞ്ഞിരാമന്റെ നാലു പെണ്‍മക്കളും പങ്കെടുത്തിരുന്നു.ചിന്ത പബ്ലിക്കേഷന്‍ പ്രസിദ്ധീകരിച്ച ‘ഞാന്‍ കുത്തബുദ്ദീന്‍ അന്‍സാരി’ എന്ന പുസ്തകത്തിന്റെ പ്രകാശനചടങ്ങും സെമിനാറില്‍ നടന്നു. സെമിനാര്‍ ടികെ ഹംസ ഉദ്്ഘാടനം ചെയ്തു
സെമിനാറില്‍ തന്റെ പ്രസംഗം അവസാനിപ്പിച്ചു കൊണ്ട് കുത്തബുദ്ദീന്‍ അന്‍സാരി ചൊല്ലിയ ഗുജറാത്തി കവിതയായ.’ആദ്യം മനുഷ്യനെന്ന കടമ നിര്‍വ്വഹിക്കുക, അതിനുശേഷം ഗീതയും ഖുറാനും തുറക്കുക’ എന്ന വാക്കുകളായിരുന്നു ഈ സെമിനാറിന്റെ അന്തസത്ത.