ദോഹയില്‍ കടല്‍വെള്ളം കയറുന്നത്‌ ഭീഷണിയാകുന്നു

download (3)ദോഹ: രാജ്യത്തിന്റെ ചില ഭാഗങ്ങളിലെ അടിസ്ഥാന സൗകര്യ വികസനത്തിന് വെള്ളം ഉയരുന്നതും കടല്‍ വെള്ളം അതിക്രമിച്ചു കയറുന്നതും ഭീഷണിയാകുന്നു.

വന്‍ വികസനങ്ങള്‍ നടക്കുമ്പോള്‍ പഴയ സൗകര്യങ്ങളില്‍ നിന്നും വെള്ളം ചോരുന്നതും കടല്‍ വെള്ളം അടിച്ചു കയറുന്നതും ഏറെ പ്രയാസം സൃഷ്ടിക്കുന്നുണ്ട്.

ഖത്തര്‍ റെയിലിന്റെ റെഡ് ലൈനില്‍ നടക്കുന്ന ടണല്‍ നിര്‍മാണത്തിന് ഇത്തരത്തില്‍ വെള്ളം കയറിയത് ഭീഷണിയായി. ഇതേ തുടര്‍ന്ന് ടണല്‍ ജോലി താത്കാലികമായി നിര്‍ത്തിവെക്കേണ്ടി വന്നു. റെഡ് ലൈനിലെ വടക്കന്‍ ടണലില്‍ വെള്ളം കയറിയതിനെ തുടര്‍ന്ന് ബോറിംഗ് മെഷീന് തകരാര്‍ സംഭവിച്ചതായും കരാറുകാര്‍ പറയുന്നു.

ടണലില്‍ വെള്ളം കയറിയത് ടണല്‍ നിര്‍മാണത്തിന്റെ ആദ്യഘട്ടത്തില്‍ മാത്രമാണെന്നും റെയില്‍ പദ്ധതിക്ക് യാതൊരു പ്രയാസമോ തടസ്സമോ ഇത് സൃഷ്ടിക്കില്ലെന്നും ഖത്തര്‍ റെയില്‍ പറഞ്ഞതായി ദി പെനിന്‍സുല റിപ്പോര്‍ട്ട് ചെയ്തു.

റെഡ് ലൈനിന്റെ വടക്കന്‍ ഭാഗത്ത് ഇരട്ട ടണലുകളാണ് നിര്‍മിക്കുന്നത് അതില്‍ ഒന്നില്‍ മാത്രമാണ് വെള്ളം കയറിയത്.

ചില ഭാഗങ്ങളിലെ താമസ കേന്ദ്രങ്ങളില്‍ നടക്കുന്ന നിര്‍മാണ പ്രവര്‍ത്തനങ്ങളിലും ഭൂമിക്കടിയിലുള്ള വെള്ളം പ്രശ്‌നമാകുന്നുണ്ടെന്ന് കരാറുകാര്‍ പറയുന്നു.

ഇത്തരത്തില്‍ വെള്ളവുമായുള്ള പ്രശ്‌നങ്ങള്‍ സാങ്കേതികമായി പ്രയാസങ്ങള്‍ സൃഷ്ടിക്കുന്നതിനോടൊപ്പം പുറത്തേക്കൊഴുക്കി വിടുന്ന വെള്ളം കടലും ഭൂഗര്‍ഭജലവും മലിനമാക്കാനും കാരണമാകുന്നതായും ടെക്‌സാസ് ആന്റ് എ എം യൂണിവേഴ്‌സിറ്റിയിലെ കെമിക്കല്‍ എന്‍ജിനിയറിംഗ് ചെയറിലെ പ്രൊഫസര്‍ പാട്രിക്ക് ലിന്‍കെ പറയുന്നു.