ആഴിയില്‍ അലയടിക്കുന്ന തെരഞ്ഞെടുപ്പ് രാഷ്ട്രീയം ആരറിയുന്നു

kadal parappanangadi (1)പരപ്പനങ്ങാടി : ചായ മക്കാനികളിലും, ബാര്‍ബര്‍ ഷോപ്പുകളിലും ബീഡി തെരുപ്പ് കേന്ദ്രങ്ങളിലും നിറഞ്ഞു നിന്നിരുന്ന തെരഞ്ഞെടുപ്പ് ചര്‍ച്ചകളുടെ ജനാധിപത്യ വസന്തം കാലത്തിന്റെ കുത്തൊഴിക്കില്‍ ഉരുള്‍പൊട്ടല്‍ കണക്കെ കടപഴകിയപ്പോഴും കാലം കാണാതെ പോയ ആഴക്കടലിലെ തെരഞ്ഞെടുപ്പ് ചര്‍ച്ചകള്‍ക്ക് ഇന്നും നിറം മങ്ങിയിട്ടില്ല.

40 ഉം 50 ഉം തൊഴിലാളികള്‍ ഒരേ സമയം ഒരു കുടക്ക് കീഴില്‍ തോളോട് തോളിരുന്ന് വലയെറിയുന്ന ചുണ്ടന്‍വള്ളങ്ങളുടെ വരവോടെയാണ് രാഷ്ട്രീയ വാഗ്വാദങ്ങളും ജനാധിപത്യത്തിന്റെ ചോദ്യ ശരങ്ങളും കടല്‍ നിറഞ്ഞത്.

നെഞ്ച് ചേര്‍ത്ത് വെച്ച രാഷ്ട്രീയ പാര്‍ട്ടിക്ക് വേണ്ടി തിരമാലകളുടെ തിരതല്ലലുകളേയും താലോടലുകളെയും സാക്ഷിയാക്കി വീറും വാശിയും കാട്ടുകയാണിവര്‍. ഈ തൊഴിലാളികളുടെ രാഷ്ട്രീയ ബോധം വികസന കാര്യത്തിലെന്ന പോലെ ആഴിയിലെങ്ങോ പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടുകൊണ്ടിരിക്കുന്നു. മത്സ്യതൊഴിലാളി സമൂഹത്തിന്റെ നിര്‍ഭാഗ്യ ചരിത്രത്തിന്റെയും വര്‍ത്തമാനത്തിന്റെയും ഭാഗം കൂടിയാണിത്. എന്നാല്‍ കേവല കക്ഷി രാഷ്ട്രീയത്തിന്റെ തൊലിപ്പുറ ചര്‍ച്ചകള്‍ക്കപ്പുറം, മലയാളക്കര മദ്രാസ് സംസ്ഥാനത്തിന്റെ ഭാഗമായ കാലം മുതല്‍ക്കുള്ള തെരഞ്ഞെടുപ്പ് രാഷ്ട്രീയം തൊട്ട്, ബാലറ്റ് യുദ്ധത്തിലൂടെ അധികാരം കണ്ട ലോകത്തിലെ ആദ്യ കമ്മ്യൂണിസ്റ്റ് മന്ത്രിസഭയുടെ ചരിത്രം മുതല്‍ മലപ്പുറം ജില്ലാ രൂപികരണവും അക്കാലത്തെ കോണ്‍ഗ്രസ്സിന്റെ നിലപാടും, നെഹ്‌റു ചത്ത കുതിരയോട് മുസ്ലീം ലീഗിനെ ഉപമിച്ചതും സിഎച്ച് മുഹമ്മദ് കോയ അന്ന് നല്‍കിയ ആര്‍ജവം സ്ഫുരിച്ച മറുപടിയും അടിയന്തിരാവസ്ഥയിലെ ഇന്ദിരാ രാഷ്ട്രീയവും അഖിലേന്ത്യാ മുസ്ലീം ലീഗ് നേതാക്കള്‍ അനുഭവിച്ച അകാലത്തെ ജയില്‍ വാസം തുടങ്ങി അബ്ദുനാസര്‍ മഅ്ദനിയിലും ടിപി ശുക്കൂര്‍ കൊലപാതകങ്ങളിലെ സിബിഐ അനേ്വഷണ വേവലാതികളടക്കം ബാബരി മസ്ജിദും ആപ്പിന്റെ വരവും ചുക്കിന് ചുണ്ണാമ്പെന്നോണം ആകാശപന്തലിന് താഴെ ആഴക്കടലില്‍ രാഷ്ട്രീയ വാഗ്വാദങ്ങള്‍ക്ക് തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കപ്പെട്ടതോടെ തീ നാളത്തിന്റെ ചൂട് ഉയരുകയാണ്.

മത്സ്യതൊഴിലാളി സംഘടനാ നേതാക്കള്‍ക്കാകട്ടെ സംഘടനാ പ്രവര്‍ത്തനങ്ങള്‍ക്കപ്പുറം തൊഴിലിന്റെ ഉപ്പുരസം അറിയില്ല. അവര്‍ കരയില്‍ സേവനത്തിനായി വിയര്‍പ്പൊഴുക്കുമ്പോള്‍ കടലിലിറങ്ങാന്‍ നേരമില്ലാത്തത് സ്വാഭാവികം. എന്നാല്‍ അദ്ധ്വാനിച്ച് കിട്ടുന്നതില്‍ നിന്നെ കുടുംബം പുലര്‍ത്തൂ എന്ന് ദൃഡ നിശ്ചയമുള്ള അണികളുടെ കാര്യമതല്ല. അവര്‍ ആഴക്കടലില്‍ അന്നം തിരയുമ്പോഴും രാഷ്ട്രീയം ജീവിതത്തിന്റെ ഭാഗമായി കാണുന്നവരാണ്. ആത് കൊണ്ട് തന്നെ ആഴക്കടലിലെ രാഷ്ട്രീയ ചര്‍ച്ചകളിലും അദ്ധ്വാനത്തിന്റെ ഉപ്പുരസം ആവുവോളമുണ്ട്. മത്സ്യതൊഴിലാളികള്‍ക്ക് രാഷ്ട്രീയ നേതൃത്വങ്ങളും അധികാര കേന്ദ്രങ്ങളും കാര്യമായൊന്നും നല്‍കിയില്ലെങ്കിലും കടലിന്റെ മക്കള്‍ കനിവാര്‍ന്ന മനസുമായി എക്കാലത്തും രാഷ്ട്രീയപാര്‍ട്ടികളുടെ ചാവേറുകളാണ്. അത്‌കൊണ്ട് തന്നെ ഇന്ത്യന്‍ രാഷ്ട്രീയത്തിന്റെ ചരിത്ര ഗതിവിഗതികളെ കീറിമുറിച്ച് ആഴക്കടലില്‍ സൗഹൃദ സംഭാഷണ അങ്കംവെട്ടുമ്പോഴും തങ്ങളുടെ നിലനില്പിന്റെ അടിവേരറുക്കാന്‍ ചട്ടം കെട്ടിയ വിഷയങ്ങളൊന്നും ചര്‍ച്ചയിലില്ല. ബഹുരാഷ്ട്ര കുത്തകകള്‍ക്ക് ആഴക്കടല്‍ മത്സ്യബന്ധനത്തിന് നല്‍കിയ അനുമതിയോ, മത്സ്യ ഇറക്കുമതി നയത്തില്‍ സ്വീകരിച്ച സുതാര്യതയോ, തീരദേശനിയമങ്ങളോ ഇവരുടെ ചര്‍ച്ചകള്‍ക്ക് പുറത്താണെന്ന് ചുരുക്കം.

പരപ്പനങ്ങാടി തീരത്തെ ‘സഫമര്‍വ’ ചുണ്ടന്‍ വള്ളത്തിലെ രാഷ്ട്രീയ ചര്‍ച്ചകള്‍ക്ക് റെഡ് സിഗ്നല്‍ പകരുന്ന മത്സ്യതൊഴിലാളി യൂണിയന്‍ സിഐടിയൂ ജില്ലാ സമിതി അംഗം പഞ്ചാര മുഹമ്മദ് ബാവക്കും, ആലുങ്ങല്‍ ബീച്ചിലെ ‘ജിസ്തി’ വള്ളത്തിലെ രാഷ്ട്രീയ ചര്‍ച്ചകള്‍ക്ക് ചൂട് പകരുന്ന സിപിഎം ബ്രാഞ്ച് സെറകട്ടറി കുഞ്ഞിമരക്കാറിനും ഇത്തവണ പൊന്നാനിയില്‍ ഇത് പൊന്‍പുലരി വിരിയുമെന്ന കാര്യത്തില്‍ ശങ്കയില്ല. ‘ലുലു’ വള്ളത്തിലെ എസ്ടിയു നേതാവും പാണക്കാട് തങ്ങന്മാരുടെ കുടുംബ സുഹൃത്തുമായ തലക്കലകത്ത് റസാഖിനും ‘അല്‍മിസ്‌ക്’ വള്ളത്തിലെ മത്സ്യതൊഴിലാളി കോണ്‍ഗ്രസ് നേതാവ് ജബ്ബാറിനും ഇതേ വള്ളത്തിലെ സിപിഎം പ്രവര്‍ത്തകനായ മുസ്തഫക്കും വ്യക്തമായ രാഷ്ട്രീയ കാഴ്ചപ്പാടുണ്ട്. ‘മിസ്റ്റര്‍ ഇന്ത്യ’ വള്ളത്തിലെ വെല്‍ഫയര്‍പാര്‍ട്ടി നേതാവ് ടി അബ്ദുള്ളക്കുട്ടി തൊഴിലിനിടെ സഹപ്രവര്‍ത്തകരുമായി തര്‍ക്കത്തിനില്ലെങ്കിലും ആദര്‍ശ പരിവര്‍ത്തനത്തിന് ആര്‍ജവം കാട്ടണമെന്ന് സ്‌നേഹപൂര്‍വ്വമൊരു ഉപദേശമുണ്ട്.

ഉള്ളു തുറന്ന് ഉള്ളത് പറയാന്‍ ഏത് പാര്‍ട്ടിക്കരാനും മത്സ്യബന്ധനയാനങ്ങളില്‍ കാരണവന്‍മാര്‍ വകവെച്ച് നല്‍കുന്ന സ്വാതന്ത്ര്യം കരയറിയാത്ത ആഴക്കടല്‍ രാഷ്ട്രീയ ചര്‍ച്ചകളുടെ സൗന്ദര്യ മുഖമാണ്. നാളിന്നോളം മാധ്യമങ്ങള്‍ പോലും കാണാത്ത മുഖം.