കടലില്‍ കുടുങ്ങിയ 11 പേരെ പൊന്നാനിയില്‍ കരക്കെത്തിച്ചു

പൊന്നാനി: ഒാഖി ചുഴലിക്കാറ്റിനെ തുടര്‍ന്ന് മത്സ്യബന്ധനത്തിന് പോയി കടലില്‍ കുടങ്ങിയ തൊഴിലാളികളെ സുരക്ഷാ സേന കരക്കെത്തിച്ചു. തമിഴ്നാട് വള്ളുവിള  സ്വദേശികളായ 12 പേരാണ് 11 ദിവസമായി കടലിലകപ്പെട്ടത്. കഴിഞ്ഞ മാസം 23ന് കൊച്ചിയില്‍നിന്നും മത്സ്യബന്ധനത്തിന് പുറപ്പെട്ട മത്സ്യത്തൊഴിലാളികള്‍ കടല്‍ പ്രക്ഷുബ്ധമായതിനെ തുടര്‍ന്ന് ബോട്ട് കരയ്ക്കടുപ്പിക്കാന്‍ പറ്റാതെ മംഗളൂരുവിലായിരുന്നു. പിന്നീട് കടല്‍ ശാന്തമായതിനെ തുടര്‍ന്ന് തിരിച്ച് കൊച്ചിയിലേക്ക് പോവുമ്പോള്‍ വളരെ ക്ഷീണിതാവസ്ഥയില്‍ പൊന്നാനി തീരത്തെത്തിയ മത്സ്യത്തൊഴിലാളികളെ പൊന്നാനി കോസ്റ്റല്‍ പൊലീസും ഫിഷറീസ് വകുപ്പും ചേര്‍ന്ന് കരയ്ക്കെത്തിക്കുകയായിരുന്നു.

തിങ്കളാഴ്ച രാവിലെ പട്രോളിങ്ങിനിറങ്ങിയ ഫിഷറീസിന്റെ റെസ്ക്യൂ ബോട്ടാണ് മത്സ്യബന്ധന ബോട്ടിനെയും തൊഴിലാളികളേയും കരയ്ക്കെത്തിച്ചത്. 13 ദിവസമായി കടലിലുള്ള ഇവര്‍ മൂന്ന് ദിവസംമുമ്പാണ് കടലിന്റെ മാറ്റത്തെക്കുറിച്ച് അറിഞ്ഞത്. തുടര്‍ന്ന് ഇവര്‍ തമിഴ്നാട്ടിലെ  ഫിഷറീസ് വകുപ്പുമായി ബന്ധപ്പെട്ടു. തുടര്‍ന്ന് കടല്‍ ശാന്തത കൈവരിച്ചപ്പോള്‍ തിരികെ മടങ്ങുന്നതിനിടെയാണ് പൊന്നാനി തീരത്തുനിന്നും 12 നോട്ടിക്കല്‍ മൈല്‍ അകലെ പൊന്നാനി ഫിഷറീസ് ഉദ്യോഗസ്ഥര്‍ ഇവരെ കണ്ടെത്തിയത്. തുടര്‍ന്ന് തീരദേശ പൊലീസുമായും പൊന്നാനി പൊലീസുമായി ബന്ധപ്പെടുകയും തൊഴിലാളികളെ കരയ്ക്കെത്തിക്കുകയുംചെയ്തു. തൊഴിലാളികളെല്ലാം സുരക്ഷിതരാണെന്ന് ഫിഷറീസ് വകുപ്പ് അധികൃതര്‍ പറഞ്ഞു.