അഭിമന്യുവിനെ കൊന്നത് സ്വയം രക്ഷക്കെന്ന് എസ്ഡിപിഐ നേതാവ് മജീദ് ഫൈസി: കുത്തിക്കൊന്നിട്ട് ന്യായം പറയുന്നോ എന്ന് എം സ്വരാജ്

മലപ്പുറം: മഹാരാജാസ് കോളേജിലെ എസ്എഫ്‌ഐ പ്രവര്‍ത്തകന്‍ അഭിമന്യുവിനെ കൊലപ്പെടുത്തിയത് സ്വയം രക്ഷക്ക് വേണ്ടിയാണെന്ന് എസ്ഡിപിഐ സംസ്ഥാനപ്രസിഡന്റ് മജീദ് ഫൈസി. കുട്ടികളെ ആക്രമിക്കുമ്പോള്‍ രക്ഷിതാക്കളും, പുറമെനിന്നുള്ളവരും ക്യാമ്പസിലേക്ക് വരുന്നതും സ്വാഭാവികമാണെന്നും മജീദ് ഫൈസി പറഞ്ഞു.

‘കുട്ടികളെ അക്രമിക്കുമ്പോള്‍ രക്ഷിതാക്കളും ബന്ധുക്കളും എത്തുക സ്വാഭാവികം. ഏകപക്ഷീയമായ ആക്രമണമായിരുന്നില്ല ; തന്റെ  അന്വേഷണത്തില്‍ നിന്നും മനസിലായതാണിതെന്നും ആയിരുന്നു ഫൈസി മലപ്പുറത്ത് മാധ്യമങ്ങളോട് പറഞ്ഞത്‌.

എന്നാല്‍ ഇതിനോട് കടുത്ത ഭാഷയിലാണ് ഡിവൈഎഫ്‌ഐ നേതാവും എംഎല്‍എയായ എം സ്വരാജ് പ്രതികരിച്ചത്‌.
എസ്എഫ്‌ഐക്കാര്‍ ആക്രമിച്ചപ്പോള്‍ സ്വയം രക്ഷക്ക് വേണ്ടിയാണ് കുത്തിയെന്ന് പറയുന്നവര്‍ ഏത് കാലത്താണ് ജീവിക്കുന്നത്. അഭിമന്യുവിനെ കുത്തിക്കൊന്നത് ഏകപക്ഷീയമായി തന്നെയാണ്. സംഘര്‍ഷമുണ്ടാവുമ്പോള്‍ രണ്ട് ഭാഗത്തുമുള്ളവര്‍ക്കും പരിക്കുണ്ടാവില്ലെ? ഇവിടെ അതില്ലല്ലോ? കോളേജില്‍ പോകുന്നവര്‍ കത്തിയുമായാണോ പോകുന്നതെന്നും സ്വരാജ് മജീദ് ഫൈസിയോട് ചോദിച്ചു.

‘ആ ക്യാമ്പസിൽ ആരാണ്‌ പുറത്തുനിന്നുണ്ടായിരുന്നത്‌. നവാഗതരെ സ്വാഗതം ചെയ്യാനുള്ള ഒരുക്കത്തിനായി എസ്‌എഫ്‌ഐക്കാർ അവിടെ ഉണ്ടായിരുന്നു. കെഎസ്‌‌യുക്കാരും അവിടെ  ഉണ്ടായിരുന്നു. ഒരു പ്രശ്‌നവും ഉണ്ടായില്ലല്ലോ. അവിടെയൊന്നും ഒരു കുഴപ്പവും ഇല്ലായിരുന്നല്ലോ.  എസ്‌ഡിപിഐ ക്രിമിനൽ സംഘം കുത്തികൊല്ലുകതന്നെയായിരുന്നു. ഒരു ഫ്‌ളെക്‌സ്‌ കീറിയെന്നും പറഞ്ഞാണോ നിങ്ങളൊരു ജീവനെടുത്തത്‌. പകരം നിങ്ങൾക്കെത്ര ഫ്‌ളെക്‌സുകളും  ഞങ്ങൾ തരാം. പകരം ആ ജീവനെ തിരിച്ചുതരാൻ പറ്റുമോ. ’’. സ്വരാജ്‌ ചോദിച്ചു.

ക്വാമ്പസ് ഫ്രണ്ടിന് എസ്.ഡി.പി.ഐയുമായി ഒരു ബന്ധമില്ലെന്നും മജീദ് മാധ്യമങ്ങളോട് പറഞ്ഞിരുന്നു

Related Articles