സ്‌കോട്‌ലന്‍ഡില്‍ കാണാതായ മലയാളിയായ  യുവ വൈദികനെ മരിച്ച നിലയില്‍ കണ്ടെത്തി

എഡിന്‍ബറോ: സ്‌കോട്‌ലന്‍ഡില്‍ നാലുദിവസം മുമ്പ് കാണാതായ മലയാളിയായ  യുവ വൈദികനെ മരിച്ച നിലയില്‍ കണ്ടെത്തി. സ്‌കോട്‌ലന്‍ഡ് എഡിന്‍ബറ രൂപതയിലെ ഫാല്‍കിര്‍ക് ഇടവകയില്‍ സേവനമനുഷ്ഠിച്ചിരുന്ന ആലപ്പുഴ പുളിങ്കുന്ന് ഫാ. മാര്‍ട്ടിന്‍ സേവ്യര്‍ വാഴച്ചിറ (34)യെ കഴിഞ്ഞ ചൊവ്വാഴ്ചയാണ് ദുരൂഹ സാഹചര്യത്തില്‍ കാണാതായത്. ഈഡന്‍ബര്‍ഗ് കടല്‍ത്തീരത്താണ് മൃതദേഹം കണ്ടത്. മരണകാരണം വ്യക്തമല്ല.

സിഎംഐ സഭാംഗമായിരുന്നു വൈദികന്‍. വൈദികനെ ബുധനാഴ്ച മുതല്‍ കാണാനില്ലെന്ന് എഡിന്‍ബറ ബിഷപ് തിരുവനന്തപുരത്തെ സിഎംഐ പ്രൊവിന്‍ഷ്യലിനെ വിളിച്ചറിയിച്ചിരുന്നു. രണ്ടു ദിവസം മുന്‍പ് പള്ളിയും പള്ളിമുറിയും തുറന്നുകിടക്കുന്നതു കണ്ടതായി ദൃക്സാക്ഷികളുടെ മൊഴിയുണ്ട്. വൈദികന്റെ പേഴ്‌സും പാസ്‌പോര്‍ട്ടും മറ്റും മുറിയില്‍ ഉണ്ടായിരുന്നുവെന്നും പറയപ്പെടുന്നു.

പുളിങ്കുന്ന് കണ്ണാടി വാഴച്ചിറ മാമ്മച്ചന്റെ മകനായ ഫാ. മാര്‍ട്ടിന്‍ ചെത്തിപ്പുഴ പള്ളിയില്‍ അസിസ്റ്റന്റ് വികാരിയായിരിക്കെ കഴിഞ്ഞവര്‍ഷം ജൂലൈയിലാണ് ഉപരിപഠനത്തിനായി സ്‌കോട്‌ലന്‍ഡിലേക്കു പോയത്. പഠനത്തിനൊപ്പം ഫാര്‍കിക് ഇടവകയില്‍ വൈദികനായും പ്രവര്‍ത്തിച്ചു വരികയായിരുന്നു.