മലാപ്പറമ്പ്‌ സ്‌കൂളുകള്‍ ഉള്‍പ്പെടെ 4 സ്‌കൂളുകള്‍ സര്‍ക്കാര്‍ ഏറ്റെടുക്കും

തിരുവനന്തപുരം: കോഴിക്കോട്‌ മലാപ്പറമ്പ്‌ സകൂള്‍ ഉള്‍പ്പെടെ നാല്‌ സ്‌കൂളുകള്‍ ഏറ്റെടുക്കാന്‍ സര്‍ക്കാര്‍ തീരുമാനം. വിദ്യഭ്യാസമന്ത്രി സി രവീന്ദ്രനാഥാണ്‌ ഇക്കാര്യം മന്ത്രിസഭാ യോഗത്തിന്‌ ശേഷം മാധ്യമങ്ങളെ അറിയിച്ചത്‌.

മാങ്ങാട്ടുമുറി, കിരാലൂര്‍, പാലാട്‌ സ്‌കൂളുകളാണ്‌ സര്‍ക്കാര്‍ ഏറ്റെടുക്കാന്‍ തീരുമാനിച്ചിരിക്കുന്നത്‌. മാനേജ്‌മെന്റിന്‌ നഷ്ടപരിഹാരം നല്‍കിയാണ്‌ സ്‌കൂളുകള്‍ ഏറ്റെടുക്കുന്നതെന്ന്‌ മന്ത്രി പറഞ്ഞു.

ഈ സ്‌കൂളുകള്‍ ഏറ്റെടുക്കുന്നതിന്‌ നിയമപരമായ തടസ്സങ്ങളില്ലെന്ന്‌ സര്‍ക്കാര്‍രിന്‌ നിയമസെക്രട്ടറിയുടെ നിയമോപദേശം ലഭിച്ച സാഹചര്യത്തിലാണ്‌ തീരുമാനം. കോടതി വിധിക്ക്‌ വിധേയമായാകും നടപടിയെന്ന്‌ മന്ത്രി വ്യക്തമാക്കി. മലാപ്പറമ്പ്‌ എയുപി സ്‌കൂള്‍ ബുധനാഴ്‌ചയ്‌ക്കകം അടച്ചുപൂട്ടണമെന്ന ഹൈക്കോടതി ഉത്തരവിനെതിരെ സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ അപ്പീല്‍ സുപ്രീം കോടതി കഴിഞ്ഞദിവസം തള്ളിയിരുന്നു. ഇതെ തുടര്‍ന്നാണ്‌ സ്‌കൂള്‍ ഏറ്റെടുക്കുന്നതു സംബന്ധിച്ച്‌ സര്‍ക്കാര്‍ തീരുമാനം ഉണ്ടായിരിക്കുന്നത്‌. സ്‌കൂള്‍ പൂട്ടരുതെന്നും സര്‍ക്കാര്‍ ഏറ്റെടുക്കണമെന്നും ആവശ്യപ്പെട്ട്‌ സ്‌കൂള്‍ ടീച്ചേഴ്‌സ്‌ യൂണിയനും നിരവധി സംഘടനകളും നാട്ടുകാരും നാളുകളായി സമരം തുടരുകയായിരുന്നു.