സ്‌കൂള്‍ വാഹനങ്ങളുടെ കാര്യക്ഷമത പരിശോധന കര്‍ശനമാക്കി; പരിശോധന നടത്തിയ വാഹനങ്ങളില്‍ സ്റ്റിക്കര്‍ പതിച്ചു

മലപ്പുറം: അധ്യയനവര്‍ഷം തുടങ്ങിയതോടെ സ്‌കൂള്‍ വാഹനങ്ങളുടെ കാര്യക്ഷമത പരിശോധന കര്‍ശനമാക്കി മോട്ടോര്‍ വാഹന വകുപ്പ്. തിരൂര്‍ താലൂക്കിലെ സ്‌കൂള്‍ വാഹനങ്ങളുടെ ഫിറ്റ്നസ് പരിശോധന പൂര്‍ത്തിയാക്കിയ ഉദ്യോഗസ്ഥര്‍ ഫിറ്റ്നസ് ഇല്ലാത്ത വാഹനങ്ങള്‍ക്കെതിരെയും സ്വകാര്യ വാഹനങ്ങളില്‍ കുട്ടികളെ കുത്തിനിറച്ചുകൊണ്ടുപോകുന്നവര്‍ക്കെതിരെയും കര്‍ശന നടപടിയെടുക്കാന്‍ പരിശോധന തുടങ്ങി.

നിയമം ലംഘിക്കുവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് തിരൂര്‍ ജോയിന്റ് ആര്‍.ടി.ഒ സജിപ്രസാദ് പറഞ്ഞു. ഫിറ്റ്നസ് പരിശോധന നടത്തിയ വാഹനങ്ങളില്‍ മോേട്ടാര്‍ വാഹന വകുപ്പിന്റെ പ്രത്യേക സ്റ്റിക്കര്‍ പതിച്ചു. സ്റ്റിക്കറില്ലാത്ത സ്‌കൂള്‍ വാഹനങ്ങള്‍ നിരത്തിലിറങ്ങിയാല്‍ നടപടിയെടുക്കാനാണ് തീരുമാനം.

ഒാട്ടോറിക്ഷകള്‍ അടക്കമുള്ള സ്വകാര്യ വാഹനങ്ങളില്‍ കുട്ടികളെ സ്‌കൂളിലേക്ക് കൊണ്ടുപോകുന്നതും തിരികെ കൊണ്ടുവരുന്നതും രക്ഷിതാക്കള്‍ ഒഴിവാക്കണമെന്ന് ജോയിന്റ് ആര്‍.ടി.ഒ ആവശ്യപ്പെട്ടു. ബസ് പുറപ്പെടുന്നത് വരെ വിദ്യാര്‍ത്ഥികളെ പുറത്ത് വരി നിര്‍ത്തുന്നത് ഒഴിവാക്കണമെന്ന് ജോയിന്റ് ആര്‍.ടി.ഒ ബസ് ഉടമകളോടും ജീവനക്കാരോടും അഭ്യര്‍ത്ഥിച്ചു. ഇത്തരം സംഭവങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ നടപടിയെടുക്കുമെന്നും ജോയിന്റ് ആര്‍.ടി.ഒ സജിപ്രസാദ് വ്യക്തമാക്കി.