പെരുമ്പാവൂരില്‍ സ്‌കൂള്‍ ബസ് നിയന്ത്രണം വിട്ട് മറിഞ്ഞ് ഒരു മരണം;20 വിദ്യാര്‍ത്ഥികള്‍ക്ക് പരിക്ക്

പെരുമ്പാവൂര്‍: പെരുമ്പാവൂരില്‍ സ്‌കൂള്‍ ബസ് നിയന്ത്രണം വിട്ട് മറിഞ്ഞ് ഒരാള്‍ മരിച്ചു. സാന്തോം പബ്ളിക്ക് സ്കൂളിലെ ആയ പ്രളയക്കാട് ആട്ടുങ്കല്‍ വീട്ടില്‍ എല്‍സി(42) ആണ് മരിച്ചത്. നിയന്ത്രണം വിട്ട ബസ് സ്കൂളിലേക്ക് നടന്നുപോവുകയായിരുന്ന എല്‍സിയെ ഇടിച്ച ശേഷം മതിലിലിടിച്ച് മറിയുകയായിരുന്നു. എല്‍സിയോടൊപ്പം ഉണ്ടായിരുന്ന അധ്യാപിക നിഷയ്ക്കും അപകടത്തില്‍ സാരമായി പരിക്കേറ്റിട്ടുണ്ട്.

സ്കൂളിലേക്കുള്ള വഴിയില്‍ ഇറക്കത്തില്‍ ബ്രേക്ക് നഷ്ടപെട്ടാണ് ബസ് അപകടത്തില്‍ പെട്ടതെന്നാണ് പ്രാഥമിക നിഗമനം. പെരുമ്പാവൂര്‍ സാന്തോം പബ്ളിക്ക് സ്കൂള്‍ ബസാണ് നിയന്ത്രണം വിട്ട് മറിഞ്ഞത്. ചൊവ്വാഴ്ച രാവിലെ എട്ടരയോടെയായിരുന്നു അപകടം. അപകടത്തില്‍ 20 വിദ്യാര്‍ഥികള്‍ക്കും രണ്ട് അധ്യാപകര്‍ക്കും പരിക്കേറ്റു.

പരിക്കേറ്റ കുട്ടികള്‍ എല്ലാം എല്‍കെജി,യുകെജി വിദ്യാര്‍ഥികളാണ്. ഇവരെ പെരുമ്പാവൂരിലെ സ്വകാര്യ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു.