സ്‌കാനിങ്‌ സെന്ററുകളിലും ക്ലിനിക്കുകളിലും പരിശോധന: 12 സ്ഥാപനങ്ങള്‍ക്കെതിരെ നടപടി

rcc-main-imageതിരൂരങ്ങാടി: ‘സെയ്‌ഫ്‌ കേരള’ പരിപാടിയുടെ ഭാഗമായി ജില്ലയിലെ 51 സെന്ററുകളില്‍ ആരോഗ്യ വകുപ്പ്‌ അധികൃതര്‍ പരിശോധന നടത്തി. 49 സ്‌കാനിങ്‌ സെന്ററുകള്‍, ഒരു ജനറ്റിക്‌ ക്ലിനിക്ക്‌, ഒരു കൗണ്‍സലിങ്‌ സെന്ററര്‍ എന്നിവിടങ്ങളിലാണ്‌ പരിശോധന നടന്നത്‌.

ആറ്‌ ടീമുകളായി പെരിന്തല്‍മണ്ണ, ഏറനാട്‌, നിലമ്പൂര്‍, തിരൂരങ്ങാടി, തിരൂര്‍, പൊന്നാനി എന്നിവിടങ്ങളിലാണ്‌ പരിശോധന നടത്തിയത്‌. പരിശോധനയില്‍ രണ്ട്‌ സ്‌കാനിങ്‌ മെഷീനുകള്‍ പിടിച്ചെടുക്കുകയും മൂന്ന്‌ സഥാപനങ്ങള്‍ പൂട്ടിക്കുകയും ഏഴ്‌ സ്ഥാപനങ്ങള്‍ക്ക്‌ നോട്ടീസ്‌ നല്‍കുകയും ചെയ്‌തതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ഉമ്മര്‍ ഫാറൂഖ്‌ അറിയിച്ചു.

1994 ലെ ഗര്‍ഭസ്ഥ ശിശു ലിംഗ നിര്‍ണയ (നിരോധന) നിയമം (പി.എന്‍.ഡി.റ്റി) നടപ്പാക്കുന്നുണ്ടെന്ന്‌ ഉറപ്പാക്കുന്നതിന്റെ ഭാഗമായായിരുന്നു പരിശോധന. ഇതുമായി ബന്ധപ്പെട്ട്‌ ആരോഗ്യ വകുപ്പ്‌ അധികൃതര്‍ മെയ്‌ 23 ന്‌ എല്ലാ ജില്ലകളിലും പി.എന്‍.ഡി.റ്റി അംഗങ്ങളുമായി വിഡിയോ കോണ്‍ഫറന്‍സ്‌ നടത്തിയിരുന്നു.