എസ്‌ബിടി അടക്കം 6 ബാങ്കുകള്‍ സ്റ്റേറ്റ്‌ ബാങ്ക്‌ ഓഫ്‌ ഇന്ത്യയില്‍ ലയിപ്പിക്കാന്‍ കേന്ദ്രമന്ത്രിസഭ അംഗീകാരം

sbiദില്ലി: എസ്ബിടി അടക്കം ആറ് ബാങ്കുകള്‍ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയില്‍ ലയിപ്പിക്കാനുള്ള തീരുമാനത്തിന് കേന്ദ്രമന്ത്രിസഭയുടെ അംഗീകാരം. ബാങ്കുകളെ ലയിപ്പിക്കാനുള്ള എസ്ബിഐ നീക്കത്തിനെതിരെ വലിയ തോതില്‍ പ്രതിഷേധം ഉയര്‍ന്നിരുന്നു. ഈ പ്രതിഷേധങ്ങളെയെല്ലാം അവഗണിച്ചു കൊണ്ടാണ് കേന്ദ്രമന്ത്രിസഭയുടെ ഇന്ന് ചേര്‍ന്ന യോഗം ലയനത്തിന് അംഗീകാരം നല്‍കിയിയത്.

അസോസിയേറ്റ് ബാങ്കുകളായ സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവന്‍കൂര്‍, സ്റ്റേറ്റ് ബാങ്ക് ഓഫ് പട്യാല, സ്റ്റേറ്റ് ബാങ്ക് ഓഫ് ബിക്കാനീര്‍ ആന്‍ഡ് ജയ്പൂര്‍, സ്റ്റേറ്റ് ബാങ്ക് ഓഫ് മൈസൂര്‍, സ്റ്റേറ്റ് ബാങ്ക് ഓഫ് ഹൈദരാബാദ് എന്നിവയും ഭാരതീയ മഹിളായ ബാങ്കുകളുമാണ് ലയിപ്പിക്കുക. ലയനത്തോടെ 50 കോടിയിലേറെ ഇടപാടുകാരും 37 ലക്ഷം കോടിയിലേറെ രൂപയുടെ ബിസിനസുമുള്ള വമ്പന്‍ ബാങ്കായി എസ്ബിഐ മാറും. 22,500 ശാഖകളും 58,000 എടിമ്മുകളുമുണ്ടാകും.

ആഗോളതലത്തില്‍ ഏറ്റവും വലിയ 50 ബാങ്കുകളുടെ പട്ടികയില്‍ ഇടംപിടിക്കുകയാണ് എസ്ബിഐയുടെ ലക്ഷ്യം. ഇതിനായാണ് ബാങ്കുകളെ ലയിപ്പിക്കുന്നത്. ലയനത്തിന് കഴിഞ്ഞ ദിവസം അസോസിയേറ്റഡ് ബാങ്കുകളുടെ ബോര്‍ഡുകള്‍ അംഗീകാരം നല്‍കിയിരുന്നു. കേന്ദ്രസര്‍ക്കാരിന്റെ അനുമതി ലഭിച്ചതോടെ ലയന നടപടികള്‍ ഉടന്‍ ആരംഭിക്കും.