സൗദിയില്‍ ഭരണം നടത്താന്‍ ഇനി സ്‌ത്രീകളും

saudiറിയാദ്‌: സൗദി അറേബ്യയില്‍ നടന്ന തദ്ദേശ തെരഞ്ഞടുപ്പില്‍ അഞ്ച്‌ വനിതകള്‍ തെരഞ്ഞെടുക്കുപ്പെട്ടു. മുന്‍സിപ്പല്‍ കൗണ്‍സിലുകളിലേക്ക്‌ നടന്ന തെരഞ്ഞെടുപ്പിലാണ്‌ സ്‌ത്രീകള്‍ തെരഞ്ഞെടുക്കപ്പെട്ടത്‌. മെക്കയിലും വനിത കൗണ്‍സിലേക്ക്‌ തെരഞ്ഞെടുക്കപ്പെട്ടു. സല്‍മ ബിന്ദ്‌ ഹിസാബ്‌ അല്‍ ക്വിതേബിയാണ്‌ മെക്കയില്‍ നിന്നും തെരഞ്ഞെടുക്കപ്പെട്ടത്‌. സൗദിയുടെ ചരിത്രത്തില്‍ ആദ്യമായി സ്‌ത്രീകള്‍ മല്‍സരാര്‍ത്ഥികളാവുകയും വോട്ടര്‍മാരാവുകയും ചെയ്‌ത തിരഞ്ഞെടുപ്പായിരുന്നു ഇത്‌. വനിതാ സ്ഥാനാര്‍ത്ഥികളിലെ ആദ്യ വിജയി ഇവരാണെന്നാണ്‌ ഇലക്ഷന്‍ എകസിക്യൂട്ടീവ്‌ കമ്മിറ്റി ചെയര്‍മാന്‍ ഒസാം ബാര്‍ പറഞ്ഞത്‌.

രാജ്യത്തെ വനിതകള്‍ സമ്മതിദാനാവകാശം വിനിയോഗിക്കുകയും, മത്സരിക്കുകയും ചെയ്‌ത ആദ്യ തെരഞ്ഞെടുപ്പും സൗദിയിലെ മൂന്നാമത്തെ തെരഞ്ഞെടുപ്പും ആണിത്‌. 25 ശതമാനം പോളിംഗാണ്‌ രേഖപ്പെടുത്തിയത്‌. സൗദി അറേബ്യയിലെ 284 മുനിസിപ്പല്‍ കൗണ്‍സിലുകളിലേക്കുളിലേക്കുള്ള തെരഞ്ഞെടുപ്പാണ്‌ നടന്നത്‌. 978 വനിതകളും 6000 പുരുഷന്‍മാരുമാണ്‌ സ്ഥാനര്‍ത്ഥികളായി ഇവിടെ മത്സരിച്ചത്‌. സ്‌ത്രീകള്‍ക്ക്‌ മാത്രമായി ഇവിടെ 424 പോളിങ്‌ ബൂത്തുകളാണ്‌ ഒരുക്കിയിരുന്നത്‌.

2005 ലും 2011 ലുമാണ്‌ ഇതിനുമുമ്പ്‌ മുനിസിപ്പല്‍ കൗണ്‍സിലുകളിലേക്‌്‌ തെരഞ്ഞെടുപ്പ്‌ നടന്നത്‌. പുരുഷന്‍മാര്‍ക്ക്‌ മാത്രമായിരുന്നു രണ്ട്‌ തെരഞ്ഞെടുപ്പിലും സ്ഥാനാര്‍ഥികളാകാനും വോട്ട്‌ രേഖപ്പെടുത്താനും അവസരം. മുനിസിപ്പാലിറ്റികളിലെ 2100 സീറ്റുകളിലേക്കാണ്‌ വോട്ടെടുപ്പ്‌ നടന്നത്‌. ബാക്കിയുള്ള 1050 സീറ്റുകളിലെ അംഗങ്ങളെ തദ്ദേശ സ്വയം ഭരണ മന്ത്രാലയം നാമനിര്‍ദേശം ചെയ്യും.

അന്തരിച്ച മുന്‍ ഭരണാധികാരി അബദുല്ല രജാവിന്റെ പ്രഖ്യാപനമാണ്‌ സ്‌ത്രീകള്‍ക്ക്‌ വോട്ടവകാശത്തിനും സ്ഥാനാര്‍ഥിയാക്കുന്നതിനും അവസരം ഒരുക്കിയത്‌.