മനുഷ്യക്കടത്തിന്‌ ഇരയായ മലയാളി യുവതി സൗദിയില്‍ നിന്നും നാട്ടിലേക്ക്‌ മടങ്ങി

Untitled-1 copyറിയാദ്‌: സൗദി അറേബ്യയിലെ അബഹയില്‍ മനുഷ്യക്കടത്തിന്‌ ഇരയായി എത്തിയ യുവതി നാട്ടിലേക്ക്‌ മടങ്ങി. കൊല്ലം കൊട്ടാരക്കര സ്വദേശിനി ശ്രീജ സതി തങ്കപ്പന്‍ (39) നാണ്‌ നാട്ടിലേക്ക്‌ തിരിച്ചുകയറിയത്‌. ഇന്ത്യന്‍ എംബസി ലേബര്‍ വിങ്ങിന്റെ ശക്തമായ ഇടപെടലിനെ തുടര്‍ന്നാണ്‌ തിരുവനന്തപുരത്തെ ട്രാവല്‍ ഏജന്റ്‌ മുന്‍കൈയെടുത്ത്‌ യുവതിയെ തിരിച്ചെത്തിച്ചത്‌.

കടുത്ത ശാരീരിക പീഡനവും 19 മണിക്കൂര്‍ തുടര്‍ച്ചയായ ജോലിയും ചെയ്യേണ്ടിവന്ന യുവതി സാമൂഹിക പ്രവര്‍ത്തകന്‍വഴി ഇന്ത്യാ ഗവണ്‍മെന്റിന്റെ മദദ്‌ പോര്‍ട്ടലിലും ഇന്ത്യന്‍ എംബസി കമ്യൂണിറ്റി വെല്‍ഫെയര്‍ വിങ്ങിലും പരാതി നല്‍കുകയായിരുന്നു. പരാതികിട്ടി മൂന്ന്‌ ദിവസത്തിനുള്ളില്‍ എംബസി അധികൃതര്‍ റിക്രൂട്ട്‌മെന്റ്‌ ഏജന്റിനോട്‌ പ്രശ്‌നപരിഹാരം ആവശ്യപ്പെടുകയും യുവതിയെ തിരിച്ചയക്കാന്‍ നടപടി സ്വീകരിക്കുകയുമായിരുന്നു.

റിയാദിലുള്ള സ്വദേശി വീട്ടിലെ ജോലിക്കെന്ന് പറഞ്ഞ് തിരുവനന്തപുരത്തെ ട്രാവല്‍ ഏജന്‍സി 70000 രൂപ ഈടാക്കിയാണ് യുവതിയെ ഇക്കഴിഞ്ഞ മേയ് ആറിന് ശ്രീലങ്കന്‍ എയര്‍ലൈന്‍സ് വിമാനത്തില്‍ കൊച്ചിയില്‍ നിന്ന് കൊളംബോ വഴി റിയാദിലത്തെിച്ചത്. ഒരു സ്വദേശി പൗരന്‍ വിമാനത്താവളത്തില്‍ നിന്ന് ഇവരെ ഏറ്റെടുത്ത ശേഷം അബഹയിലെ യഥാര്‍ഥ സ്പോണ്‍സറുടെ അടുത്തത്തെിക്കുകയായിരുന്നു.
അഞ്ചു വീടുകളുടെ ശുചീകരണ ജോലി ചെയ്യാനാണ് നിയോഗിച്ചത്. ദിവസവും രാവിലെ ഏഴ് മുതല്‍ പിറ്റേന്ന് പുലര്‍ച്ചെ രണ്ടു വരെ 19 മണിക്കൂര്‍ വരെ വിശ്രമമില്ലാതെയായിരുന്നു ജോലി. ഇതിനിടയില്‍ പലനിലക്കുള്ള ശാരീരിക പീഡനങ്ങളുമുണ്ടായി.

ഹൗസ് മെയ്ഡുകളെ റിക്രൂട്ട് ചെയ്യണമെങ്കില്‍ തൊഴിലുടമ ഇന്ത്യന്‍ എംബസിയില്‍ 9500 റിയാല്‍ മുന്‍കൂര്‍ കെട്ടിവെക്കണം. തൊഴിലാളിയുടെ ക്ഷേമത്തിനുവേണ്ടിയുള്ള കരുതല്‍ നിക്ഷേപമാണിത്.
എന്നാല്‍ ഇതൊന്നും ഇങ്ങിനെയത്തെുന്ന ഗാര്‍ഹിക തൊഴിലാളികളുടെ കാര്യത്തിലുണ്ടാകുന്നില്ല. സേവന വേതന കരാറുമില്ല. സമാനമായ രീതിയില്‍ റിയാദില്‍ മറ്റൊരു മലയാളി സ്ത്രീയും ദുരിതത്തില്‍ കഴിയുന്നുണ്ട്.
ഈ വിഷയവും ഗൗരവത്തിലെടുത്ത ഇന്ത്യന്‍ എംബസി സ്ത്രീയെ റിക്രൂട്ട് ചെയ്ത ഏജന്‍റിനോട് എത്രയും വേഗം നാട്ടിലത്തെിക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

നാട്ടിലത്തെിയ ശ്രീജ സതി വഞ്ചനാ കുറ്റം ആരോപിച്ച് റിക്രൂട്ട്മെന്‍റ് ഏജന്‍റിനെതിരെ കൊട്ടാരക്കര പൊലീസില്‍ പരാതി നല്‍കി.