സൗദിയില്‍ ഇഖാമ, തൊഴില്‍ നിയമ ലംഘനം നടത്തുന്ന വിദേശികള്‍ക്ക് 6 മാസം തടവും 50,000 റിയാല്‍ പിഴയും

റിയാദ്: സൗദിയില്‍ നിയമം ലംഘിക്കുന്ന വിദേശികള്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിച്ചതായി പാസ്‌പോര്‍ട്ട് ഡയറക്ടറേറ്റ് . നിയമലംഘനം നടത്തുന്ന വിദേശികള്‍ക്ക് ആറുമാസം തടവും 50,000 റിയാല്‍ പിഴയും നല്‍കേണ്ടിവരുമെന്ന് അധികൃതര്‍ വ്യക്തമാക്കി.

നാലുമാസത്തെ പൊതുമാപ്പ് കാലാവധി അവസാനിച്ചതോടെ എല്ലായിടങ്ങളിലും പരിശോധന ശക്തമാക്കിയിട്ടുണ്ട്. ഇതെ തുടര്‍ന്നാണ് പാസ്‌പോര്‍ട്ട് വകുപ്പ് രാജ്യത്ത് അനധികൃതമായി തങ്ങുന്ന തൊഴിലാളികള്‍ക്ക് മുന്നറിയിപ്പ് നല്‍കിയിരിക്കിന്നത്. വിദേശികള സ്വന്തമായി ജോലിയെടുക്കുന്നതും തെരുവുകളില്‍ കച്ചവടം നടത്തുന്നതും നിയമലംഘനമാണ്. തൊഴിലുടമയുടെ കീഴിലല്ലാതെ ജോലി ചെയ്യാന്‍ അനുമതിയില്ല. ഇഖാമയില്‍ രേഖപ്പെടുത്തിയിട്ടുള്ള തൊഴിലിന് വിരുദ്ധമായ തൊഴില്‍ ഏര്‍പ്പെടുന്നതും നിയമ വിരുദ്ധമാണ്.

ശിക്ഷക്കപ്പെട്ട പ്രവാസികളെ ശിക്ഷ അനുഭവിച്ച ശേഷം നാടുകടത്തുമെന്നും പാസ്‌പോര്‍ട്ട് ഡയറക്ടറേറ്റ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. സ്വന്തമായി തൊഴില്‍ ചെയ്യുന്ന വിദേശികള്‍ക്ക് 10,000 റിയാല്‍ പിഴയും ഒരുമാസം തടവും ലഭിക്കുമെന്നും പാസ്‌പോര്‍ട്ട് ഡയറക്ടറേറ്റ് മുന്നറിയിപ്പു നല്‍കുന്നു.

തൊഴില്‍ മേഖല ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി രാജ്യത്ത് അനധികൃതമായി ഒരു വിദേശിയെ പോലും തുടരാന്‍ അനുവദിക്കില്ല. അതിനുവേണ്ടിയുള്ള ശ്രമങ്ങള്‍ ആഭ്യന്തരവകുപ്പും തൊഴില്‍ വകുപ്പും ശക്തമാക്കിയിരിക്കുകയാണ്.