സൗദിയില്‍ പരിഷ്‌കരിച്ച നിതാഖത് നടപ്പാക്കുന്നത് നീട്ടിവെച്ചു;തീരുമാനം സ്വകാര്യ മേഖലയുടെ താല്‍പ്പര്യം മാനിച്ച്

സൗദിയിലെ പരിഷ്‌ക്കരിച്ച നിതാഖത് നീട്ടിവെക്കാന്‍ തീരുമാനമായി. സ്വകാര്യ മേഖലയുടെ താല്‍പ്പര്യം മാനിച്ചാണ് പരിഷ്‌ക്കരിച്ച നിതാഖത് നടപ്പാക്കുന്നത് അനിശ്ചിത കാലത്തേക്ക് നീട്ടിവച്ചിരിക്കുന്നത്.വ്യാജ സൗദിവത്ക്കരണം ഇല്ലാതാക്കുന്നതിനും സ്വദേശി യുവാക്കള്‍ക്കും വനിതകള്‍ക്കും സ്വകാര്യ മേഘലയില്‍ കൂടുതല്‍ മികച്ച തൊഴിലവസരങ്ങള്‍ ഉറപ്പുവരുത്തുന്നതിനും ലക്ഷ്യമിട്ടു പ്രഖ്യാപിച്ച പരിഷ്‌കരിച്ച നിതാഖത് നടപ്പാക്കുന്നത് തൊഴില്‍ സാമൂഹ്യ വികസന മന്ത്രാലയം അനിശ്ചിത കാലത്തേക്ക് നീട്ടിവെച്ചു.

സന്തുലിത നിതാഖത് എന്ന് പേരിട്ട പരിഷ്‌കരിച്ച നിതാഖത് നടപ്പാക്കുന്നതിന് മന്ത്രാലയം എല്ലാവിധ ഒരുക്കങ്ങളും പൂര്‍ത്തിയാക്കിയിരുന്നു. തൊഴില്‍ മന്ത്രി ഡോ.അലി അല്‍ ഗഫീസ് ഇതുമായി ബന്ധപ്പെട്ട നിര്‍ദ്ദേശം നല്‍കിയതായി മന്ത്രാലയ അണ്ടര്‍ സെക്രട്ടറി ഡോ.അഹമ്മദ് ഖത്താന്‍ പറഞ്ഞു.

പരിഷ്‌കരിച്ച നിതാഖത് അഞ്ചു ഘടകങ്ങളുടെ അടിസ്ഥാനത്തിലാണ് സ്വകാര്യ സ്ഥാപനങ്ങളിലെ സൗദിവല്‍ക്കരണ അനുപാതവും നിതാഖത്തില്‍ സ്ഥാപനങ്ങളുടെ വിഭാഗവും നിര്‍ണ്ണയിക്കുക. സ്വദേശി ജീവനക്കാരുടെ എണ്ണം, ശരാശരി വേതനം, തൊഴില്‍ സ്ഥിരത, വനിതാ ജീവനക്കാരുടെ വേതനം, ഉയര്‍ന്ന വേതനം ലഭിക്കുന്ന ജീവനക്കാരുടെ കൂട്ടത്തില്‍ സ്വദേശികളുടെ എണ്ണം എന്നീ ഘടകങ്ങളുടെ അടിസ്ഥാനത്തില്‍ പ്രത്യേക പോയിന്റ് നല്‍കിയാണ് സ്വദേശിവല്‍ക്കരണ അനുപാതവും സ്ഥാപനങ്ങളുടെ വിഭാഗവും നിര്‍ണ്ണയിക്കുക.