സൗദിയില്‍ ആളില്ലാത്ത പ്രദേശത്ത് മലയാളി ദമ്പതികളെ മരിച്ച നിലയില്‍ കണ്ടെത്തി

ജിദ്ദ: സൗദി അറേബ്യയിലെ കിഴക്കന്‍ പ്രദേശത്തുള്ള അല്‍ഹസ്സ നഗരത്തിനടുത്ത് ആളൊഴിഞ്ഞ പ്രദേശത്ത് മലയാളികളായ ദമ്പതികളെ മരിച്ച നിലയില്‍ കണ്ടെത്തി. കോഴിക്കോട് നാദാപുരം സ്വദേശി കക്കട്ടില്‍ പുളിച്ചാലില്‍ കുഞ്ഞബ്ദുല്ല(38), ഭാര്യ കുനിങ്ങാട് മാഞ്ഞിരോളി മീത്തല്‍ റിസ്‌വാന(30) എന്നിവരെയാണ് മരിച്ചനിലയില്‍ കണ്ടെത്തിയത്.

കുഞ്ഞബ്ദുല്ല സൗദിയില്‍ ബ്രാഞ്ചുകളുള്ള ഒരു പ്രമുഖ ഹൈപ്പര്‍മാര്‍ക്കറ്റിലെ ഡ്രൈവറാണ്. റിസ്‌വാന സന്ദര്‍ശക വിസയിലെത്തി അല്‍ഹസ്സയില്‍ ഭര്‍ത്തിവിനൊപ്പം കഴിഞ്ഞു വരികയായിരുന്നു.ഞായറാഴ്ച ഇരുവരും അല്‍ഹസ്സയില്‍ നിന്ന് 150 കിലോമീറ്റര്‍ അകലെയുള്ള ദമാമിലേക്ക് പോയത്. എന്നാല്‍ ഇവരെ കുറിച്ച് വിവര മില്ലാതായതോടെ സുഹൃത്തുക്കള്‍ പോലീസില്‍ വിവരമറിയിക്കുകയായിരുന്നു. തുടര്‍ന്ന് നടത്തിയ തെരച്ചിലിലാണ് തിങ്കളാഴ്ച വൈകീട്ടോടെ വഴിയോരത്ത് ഉപേക്ഷിക്കപ്പെട്ട നിലയില്‍ ഒരു വാഹനം കണ്ടെത്തിയത്.

തുടര്‍ന്ന് പോലീസ് സ്ഥലത്തെത്തി വാഹനം ഇവര്‍ സഞ്ചരിച്ചതാണെന്ന് സ്ഥിരീകരിച്ചു. പിന്നീട് വാഹനത്തിന് സമീപത്തെ പ്രദേശത്തു നിന്ന് കണ്ടെത്തി രണ്ടു മൃതദേഹങ്ങള്‍ പോലീസ് അല്‍ഹഫൂഫ് ജനറല്‍ ആശുപത്രിയിലേക്ക് മാറ്റി. മൃതദേഹം കുഞ്ഞബ്ദുള്ളയുടേതും റിസ്‌വാനയുടേതുമാണെന്ന് ബന്ധുക്കള്‍ സ്ഥിരീകരിച്ചു.

മൊയതു-കുഞ്ഞാമിനി ദമ്പതികളുടെ മകനാണ് കുഞ്ഞബ്ദുല്ല. ഇബ്രാഹിം ഹാജി-ഖദീജ ദമ്പതികളുടെ മകളാണ് റിസ്‌വാന.