സൗദിയില്‍ തൊഴില്‍ തട്ടിപ്പിനിരയായ മൂന്ന്‌ മലയാളി യുവാക്കള്‍ക്ക്‌ ക്രൂരമര്‍ദനം

സൗദി: തൊഴില്‍ത്തട്ടിപ്പിനിരയാകേണ്ടി വന്ന മൂന്ന്‌ മലയാളി യുവാക്കള്‍ക്ക്‌ സൗദി അറേബ്യയില്‍ ക്രൂരമര്‍ദനം. ഹരിപ്പാട്‌്‌ സ്വദേശികളായ ബൈജു, വിമല്‍കുമാര്‍, അഭിലാഷ്‌ എന്നിവര്‍ക്കാണ്‌ സ്‌പോണ്‍സറില്‍ നിന്നും അറബിയില്‍ നിന്നും ക്രൂരമര്‍ദനമേല്‍ക്കേണ്ടി വന്നത്‌. യുവാക്കളെ മര്‍ദ്ദിക്കുന്ന ദൃശ്യങ്ങള്‍ ചില മാധ്യമങ്ങള്‍ക്ക്‌ ലഭിച്ചതോടൊണ്‌ ക്രൂരമര്‍ദ്ദനത്തെ കുറിച്ച്‌ പുറം ലോകമറിഞ്ഞത്‌.

സ്‌പോണ്‍സറുടെ കണ്ണുവെട്ടിച്ച്‌ യുവാക്കള്‍ തന്നെയാണ്‌ ദൃശ്യങ്ങള്‍ പകര്‍ത്തി നാട്ടിലെ ബന്ധുക്കള്‍ക്ക്‌ അയച്ചു കൊടുത്തത്‌. തുടര്‍ന്ന്‌ ബന്ധുക്കള്‍ ട്രാവല്‍ ഏജന്‍സിക്കെതിരെ പോലീസില്‍ പരാതിനല്‍കി. എന്നാല്‍ ഈ പരാതി പിന്‍വലിച്ചില്ലെങ്കില്‍ കൊന്നു കളയുമെന്നാണ്‌ സ്‌പോണ്‍സറുടെ പുതിയ ഭീഷണി. മൂന്ന്‌ പേരുടെയും പാസ്‌പോര്‍ട്ടും സ്‌പോണ്‍സര്‍ കൈവശപ്പെടുത്തിയിരുന്നു. ഇതു ചോദ്യം ചെയ്‌തപ്പോഴും കൊന്നു കളയുമെന്നായിരുന്നു ഭീഷണി. എന്നാല്‍ ഇവിടെന്നും താല്‍കാലികമായി രക്ഷപ്പെട്ട്‌ ഒളിവില്‍ കഴിയുന്ന യുവാക്കള്‍ ഏതുനിമഷവും അറബിയുടെയും സ്‌പോണ്‍സറുടെയും കണ്ണില്‍പെടാമെന്നും ബന്ധുക്കളെ അറിയിച്ചി്‌ട്ടുണ്ട്‌.

ഉയര്‍ന്ന ശമ്പളത്തില്‍ സൗദിയിലെ കമ്പനിയില്‍ ഇലക്‌ട്രീഷ്യന്‍ മെക്കാനിക്കല്‍ തസ്‌തികയിലേക്കായിരുന്നു നിയമനം നടത്തിയിരുന്നത്‌. എന്നാല്‍ ഇവര്‍ക്ക്‌ ലഭിച്ചത്‌ ഇഷ്ടിക ചൂളയിലെ ചുമടെടുപ്പ്‌ ജോലിയായിരുന്നു.