സൗദിയില്‍ അജ്ഞാത സംഘത്തിന്റെ ആക്രമണം; മലപ്പുറം സ്വദേശി ഹൃദയാഘാതം മൂലം മരിച്ചു

മലപ്പുറം : സൗദിയില്‍ അജ്ഞാതസംഘം തോക്ക് ചൂണ്ടി സാധനങ്ങള്‍ കൊള്ളയടിച്ചതിനെ തുടര്‍ന്ന് മലപ്പുറം സ്വദേശി ഹൃദയാഘാതം മൂലം മരിച്ചു. സൗദിയില്‍ അബഹയിലാണ് സംഭവം. മലപ്പുറം ജില്ലയിലെ വണ്ടൂര്‍ എളങ്കൂര്‍ ആലുങ്ങല്‍ മേലേപുരക്കല്‍ പരേതനായ അയ്യപ്പന്റെ മകന്‍ ബാബുരാജ് (35) ആണ് ഹൃദയാഘാതമൂലം മരിച്ചതായി ബന്ധുക്കള്‍ക്ക് വിവരം ലഭിച്ചത്. അടുത്ത ദിവസം നാട്ടിലേക്ക് വരാനിരിക്കുകയായിരുന്നു ഇയാള്‍. സാധനങ്ങള്‍ വാങ്ങി താമസ സ്ഥലത്തേക്ക് മടങ്ങാനായി വാഹനം കാത്തുനില്‍ക്കെ അജ്ഞാത സംഘം ഇയാള്‍ക്ക് നേരെ തോക്കുചൂണ്ടി ഭീഷണിപ്പെടുത്തി ഇക്കാമയും കയ്യിലുണ്ടായിരുന്ന സാധനങ്ങളും പണവുമായി കടന്നു കളയുകയായിരുന്നു. ശനിയാഴ്ച രാത്രി 12 മണിയോടെയാണ് സംഭവം നടന്നത്. അബഹയിലെ സ്വകാര്യ ടയില്‍സ് കമ്പനിയിലെ ജോലിക്കാരനായിരുന്നു ബാബുരാജ്.

സംഭവത്തെ തുടര്‍ന്ന് ഉടന്‍ തന്നെ അടുത്തുള്ള ആശുപത്രിയിലെത്തിച്ചെങ്കിലും ഇക്കാമയില്ലാത്ത കാരണത്താല്‍ ഇയാള്‍ക്ക് ചികില്‍സ നിഷേധിക്കപ്പെട്ടതായും സുഹൃത്തുക്കള്‍ പറഞ്ഞു.

മാതാവ് :യശോദ. ഭാര്യ: രമ്യ, മകന്‍: അഭിനവ്.സഹോദരങ്ങള്‍: രാമചന്ദ്രന്‍,ഗിരീശന്‍, രാധ ,മിനി,മിഷ, ലക്ഷ്മി.