സൗദി അറേബ്യയില്‍ വാഹനാപകടത്തില്‍ രണ്ട് ബഹ്‌റൈന്‍ പ്രവാസികള്‍ മരിച്ചു

മരിച്ചത് മലപ്പുറം,കണ്ണൂര്‍ സ്വദേശികള്‍

മനാമ: ഇന്നലെ സൗദി അറേബ്യയില്‍ ഉണ്ടായ വാഹനാപകടത്തില്‍ മരിച്ചത് രണ്ടു ബഹ്‌റൈന്‍ പ്രവാസികള്‍. ബഹ്‌റൈനില്‍ വെല്‍ഫ്‌ളോ എന്ന കമ്പനിയില്‍ ജോലി ചെയ്യുന്ന മലപ്പുറം മങ്കട സ്വദേശി അജിത്, കണ്ണൂര്‍ പയ്യന്നൂര്‍ സ്വദേശി അജിത് എന്നിവരാണ് മരിച്ചത്.

രണ്ടുപേര്‍ പരിക്കുകളോടെ രക്ഷപ്പെട്ടു. ഇന്നലെ പുലര്‍ച്ചെ സൗദി-ദുബൈ അതിര്‍ത്തിയിലെ സാല്‍വയിലാണ് അപകടം സംഭവിച്ചത്.

അജിത്, പ്രസാദ്, വിനോദ്, അജിത് എന്നിവരടങ്ങിയ നാലുപോരടങ്ങിയ സംഘം ബഹ്‌റൈനില്‍ നിന്ന് ദുബായിലേക്ക് പോകുന്നതിനിടയിലാണ് അപകടം ഉണ്ടായത്. ഇവര്‍ സഞ്ചരിച്ചിരുന്ന കാര്‍ ട്രെയിലറിന് പിന്നിലിടിക്കുകയായിരുന്നു. രണ്ടുപേരും സംഭവ സ്ഥലത്തുവെച്ചുതന്നെ മരണപ്പെട്ടു.

ഗുരുതരമായി പരിക്കേറ്റവരെ സൗദി അല്‍ അഹ്ന, സാല്‍വ ആശുപത്രികളില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. മരിച്ചവരുടെ മൃതദേഹങ്ങള്‍ നാട്ടിലേക്ക് കൊണ്ടുവരാനുള്ള നടപടികള്‍ ആരംഭിച്ചിട്ടുണ്ട്.