സൗദി അറേബ്യയിലേക്കുള്ള വിസ ഫീസ്‌ സര്‍ക്കാര്‍ പുതുക്കി

ജിദ്ദ: സൗദി അറേബ്യയിലേക്കുള്ള വിസ ഫീസ്‌ സര്‍ക്കാര്‍ പുതുക്കി. പുതുക്കി നിശ്ചയിച്ച പീസ്‌ ഒക്‌ടോബര്‍ രണ്ടു മുതല്‍ നിലവില്‍ വരും. സൗദി കിരീടാവകാശിയും ആഭ്യന്തര കാര്യ മന്ത്രിയുമായ മുഹമ്മദ്‌ ബിന്‍ നാഇഫിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന മന്ത്രിതല യോഗത്തിലാണ്‌ വിസ ഫീസ്‌ പുതുക്കി നിശ്ചയിച്ചത്‌.

പുതുക്കിയ ഫീസ് അനുസരിച്ച് ഇനിമുതല്‍ രണ്ടു മാസത്തേക്ക് ഒരു യാത്രക്കുള്ള എക്‌സിറ്റ്, റീഎന്‍ട്രി വിസക്ക് 200 സൗദി റിയാല്‍ നല്‍കേണ്ടി വരും. ഇഖാമ കാലാവധി കഴിയുന്നത് വരെ ഓരോ മാസത്തിലും 100 റിയാല്‍ നല്‍കണം. ആദ്യ തവണ ഹജ്ജ്, ഉംറ തീര്‍ഥാടനത്തിനുള്ള വിസ ഫീസ് സൗജന്യമാണെങ്കിലും രണ്ടാം തവണ 2000 റിയാല്‍ നല്‍കണം.

രാജ്യം സന്ദര്‍ശിക്കുന്ന വിദേശികള്‍ക്കുള്ള വിസക്ക് ആറുമാസത്തേക്ക് 3000 റിയാലും ഒരു വര്‍ഷത്തേക്ക് 5000 റിയാലും രണ്ടു വര്‍ഷത്തേക്ക് 8000 റിയാലുമാണ്. സഞ്ചാര വിസക്ക് 300 റിയാലായും നിജപ്പെടുത്തി.

ഇതോടൊപ്പം ട്രാഫിക് നിയമങ്ങള്‍ തെറ്റിച്ചാലുള്ള പിഴയും വര്‍ധിപ്പിച്ചിട്ടുണ്ട്. അലക്ഷ്യമായി വാഹനം ഓടിക്കുന്നത് ട്രാഫിക് നിയമലംഘനത്തില്‍ ഉള്‍പെടുത്തുകയും ആദ്യതവണ നിയമലംഘനം നടത്തുന്നവരുടെ വണ്ടി 15 ദിവസത്തേക്ക് പിടിച്ചെടുക്കുകയും 20,000 റിയാല്‍ പിഴ ഈടാക്കുകയും ചെയ്യും. രണ്ടാം തവണ 30 ദിവസത്തേക്ക് ഇത് 40,000 റിയാലും മൂന്നാം തവണ വണ്ടി പിടിച്ചെടുക്കുകയും 60000 റിയാല്‍ പിഴ ഈടാക്കുകയും ചെയ്യും. കൂടാതെ നിയമലംഘകനെ കോടതിയില്‍ ഹാജരാക്കുകയും ചെയ്യും. അതേസമയം, മോഷ്ടിക്കപ്പെട്ടതോ വാടകക്കെടുത്തതോ ആയ വാഹനങ്ങള്‍ പിടിച്ചെടുക്കുകയില്ല.