സ്വദേശിവത്‌ക്കരണം താങ്ങാനാവുന്നില്ല;യാമ്പുവില്‍ മൊബൈല്‍ കടകള്‍ അടച്ചുപൂട്ടുന്നു

Story dated:Sunday August 28th, 2016,12 21:pm

യാമ്പു: സമ്പൂര്‍ണ സ്വദേശി വല്‍ക്കരണം നടപ്പിലാവാനിരിക്കെ യാമ്പുവിലെ മൊബൈല്‍ കടകള്‍ അട്ടച്ചുപൂട്ടുന്ന അവസ്ഥയില്‍. മിക്കാവാറും എല്ലാ കടകളിലും അമ്പത്‌ ശതമാനം സ്വദേശികളെ നിയമിച്ച്‌ ജൂണ്‍ മുതല്‍ പ്രവര്‍ത്തനം ആരംഭിച്ചെങ്കിലും മന്ദഗതിയിലാണ്‌ കച്ചവടം മുന്നോട്ട്‌ പോയിക്കൊണ്ടിരിക്കുന്നത്‌. സെപ്‌റ്റംബര്‍ മുതല്‍ മൊബൈല്‍ കടകളിലും അറ്റകുറ്റപ്പണി നടക്കുന്ന കേന്ദ്രങ്ങളിലും വിദേശികള്‍ക്ക്‌ ജോലി ചെയ്യാന്‍ അനുവാദമില്ല.

പുതിയ നിയമം നടപ്പിലാക്കുന്നതിന്റെ ഭാഗമായി ശക്തമായ പരിശോധനയാണ്‌ നടന്നുകൊണ്ടിരിക്കുന്നത്‌. പകുതി ജീവനക്കാര്‍ സ്വദേശികളാകണമെന്ന നിയമം പാലിക്കാത്ത ചില കടകള്‍ പൂട്ടിച്ചിരുന്നു. ചില കടകള്‍ക്ക്‌ പിഴ ചുമത്തുകയും ചെയ്‌തിരുന്നു. സ്വദേശി വല്‍ക്കരണം പൂര്‍ണമാവുന്നതോടെ വിദേശികള്‍ക്ക്‌ ഈ മേഖലയില്‍ പൂര്‍ണമായും തൊഴില്‍ നഷ്ടമാകുമെന്ന്‌ ഉറപ്പാണ്‌.

ലൈസന്‍സ്‌ മാറ്റി ഇലക്ട്രോണിക്‌സ്‌, ഫാന്‍സി, സ്റ്റേഷനറി കടകള്‍ തുടങ്ങാനുള്ള ശ്രമങ്ങളും ചിലര്‍ നടത്തുന്നതായി മലയാളി ജീവനക്കാര്‍ പറയുന്നു. അതെസയമം നിലവിലുള്ള മൊബൈല്‍ ഷോപ്പുകളില്‍ പുതിയ സ്റ്റോക്കെടുക്കാതെ ഉള്ളത്‌ വിറ്റൊഴുവാക്കാനുള്ള പെടാപാടിലാണ്‌ വിദേശികള്‍. ലൈസന്‍സ്‌ മാറ്റി പുതിയ കടകള്‍ തുടങ്ങിയാലും അതുവഴി മൊബൈല്‍ വില്‍പ്പന നടത്താന്‍ കഴിയില്ല. ഇത്തരത്തില്‍ പിടിക്കപ്പെട്ടാല്‍ പിഴയും നാടുകടത്തലുമായിരിക്കും ശിക്ഷയെന്ന്‌ തൊഴില്‍ വകുപ്പ്‌ മുന്നറിയിപ്പ്‌ നല്‍കിയിട്ടുണ്ട്‌.

മൊബൈല്‍ ഷോപ്പുകളില്‍ ജോലിയില്‍ തുടര്‍ന്നാല്‍ പിടിക്കപ്പെടുമെന്ന ഭയത്താല്‍ നാട്ടിലേക്ക്‌ മടങ്ങാനുള്ള തയ്യാറെടുപ്പിലാണ്‌ മലയാളികള്‍ ഉള്‍പ്പെടെയുള്ള വേദശ തൊഴിലാളികള്‍.