വിദേശിയരെ തുരത്താന്‍ സ്വദേശികള്‍ക്ക്‌ പുതിയ ആനുകൂല്യങ്ങളുമായ്‌ സൗദി തൊഴില്‍ മന്ത്രാലയം

Untitled-1 copyജിദ്ദ: സൗദിയില്‍ സ്വകാര്യ സ്ഥപനങ്ങളില്‍ തുടര്‍ച്ചയായി മൂന്ന്‌ വര്‍ഷം ജോലി ചെയ്യുന്ന സ്വദേശികള്‍ക്ക്‌ പ്രത്യേക ആനുകൂല്യങ്ങള്‍ നല്‍കാനും സൗദി തൊഴില്‍ മന്ത്രാലയത്തിന്റെ തീരുമാനം. സ്വകാര്യ സ്ഥാപനങ്ങളില്‍ നിന്ന്‌ സ്വദേശികളുടെ കൊഴിഞ്ഞ്‌ പോക്ക്‌ തടയാനും ഒരു സ്ഥാപനത്തില്‍ ചുരുങ്ങിയത്‌ മൂന്ന്‌ വര്‍ഷമെങ്കിലും ജോലി ചെയ്യാനും വിദേശികളെ പ്രേരിപ്പിക്കുന്നതുമാണ്‌ പുതിയ പദ്ധതി. സ്ഥിരമായി ഒരു സ്ഥാപനത്തില്‍ തന്നെ ജോലി ചെയ്യുന്ന സ്വദേശി ജീവനക്കാരനും ഒപ്പം ആ സ്ഥാപനത്തിനും നിതാഖത്തില്‍ പ്രത്യേക ആനുകൂല്യങ്ങള്‍ നല്‍കുകയും ചെയ്യും.

തുടര്‍ച്ചയായി മൂന്ന്‌ വര്‍ഷം ഒരേ സ്ഥാപനത്തില്‍ ജോലി ചെയ്യുന്ന സ്വദേശിക്ക്‌ സ്ഥാനക്കയറ്റവും മൂന്ന്‌ വര്‍ഷം തികയുമ്പോള്‍ ഒരു വര്‍ഷത്തിന്‌ 20 പോയിന്റും സ്‌റ്റാറ്റസും ലഭിക്കും. കൂടാതെ തൊഴില്‍ മന്ത്രാലയത്തിന്റെ പ്രത്യേക സര്‍ട്ടിഫിക്കറ്റും ലഭിക്കും.

മൂന്ന്‌ വര്‍ഷത്തിന്‌ ശേഷം മറ്റേതെങ്കിലും സ്ഥാപനത്തിലേക്ക്‌ മാറിയാലും ഈ പദവി നിലനിര്‍ത്തും. സ്വകാര്യ സ്ഥാപനങ്ങളില്‍ നിന്ന്‌ സ്വദേശികളുടെ കൊഴിഞ്ഞ്‌ പോക്ക്‌ തടയുന്നതോടൊപ്പം വ്യാജ സ്വദേശി നിയമനം തടയുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെയാണ്‌ ഈ പുതിയ പദ്ധതി നടപ്പിലാക്കുന്നത്‌. സ്വദേശികള്‍ക്ക്‌ സ്വകാര്യ സ്ഥാപനങ്ങളില്‍ ഉയര്‍ന്ന വേതനം, സ്ഥിരത, വിവിധ വകുപ്പുകളില്‍ ഉന്നത പദവി എന്നിവകൂടി നിതാഖത്തില്‍ ഉള്‍പ്പെടുത്തുമെന്ന്‌ തൊഴില്‍ മന്ത്രാലയം അറിയിച്ചിട്ടുണ്ട്‌.