സൗദിയില്‍ പൊതുമാപ്പില്ല; വാര്‍ത്ത നിഷേധിച്ച് അധികൃതര്‍

സൗദിയില്‍ മൂന്ന് മാസത്തേക്ക് പൊതുമാപ്പ് പ്രഖ്യാപിച്ചു എന്ന വാര്‍ത്ത നിഷേധിച്ച് അധികൃര്‍. നിയമവിരുദ്ധമായി കഴിയുന്ന വിദേശികള്‍ക്ക് മൂന്ന് മാസത്തേക്ക് പൊതുമാപ്പ് പ്രഖ്യാപിച്ചു എന്നായിരുന്നു അറബ് പത്രങ്ങളിലുള്‍പ്പെടെ വാര്‍ത്ത വന്നത്.

എന്നാല്‍ ഈ വാര്‍ത്ത അടിസ്ഥാനരഹിതമാണെന്ന് സൗദി പാസ്‌പോര്‍ട്ട് വിഭാഗത്തെ ഉദ്ധരിച്ച് സബ്ഖ് അറബ് ഓണ്‍ലൈന്‍ പത്രം റിപ്പോര്‍ട്ട് ചെയ്തു. ഇന്ന് മുതല്‍ മൂന്ന് മാസത്തേക്ക് പൊതുമാപ്പ് പ്രഖ്യാപിച്ചു എന്നായിരുന്നു കഴിഞ്ഞ ദിവസം പാസ്‌പോര്‍ട്ട് വിഭാഗത്തെ ഉദ്ധരിച്ച് അല്‍ വതന്‍ അറബ് പത്രം റിപ്പോര്‍ട്ട് ചെയ്തിരുന്നത്.

പൊതുമാപ്പ് പ്രഖ്യാപന വാര്‍ത്ത പുറത്തു വന്നതിനെ വളരെ പ്രതിക്ഷയോടെയാണ് വിസാ കാലാവധി കഴിഞ്ഞ ഇവിടെ തങ്ങേണ്ടിവന്ന മലയാളികളുള്‍പ്പെടെയുള്ള പ്രവാസികള്‍ കണ്ടിരുന്നത്.

അതെസമയം ഇന്നും പല പ്രാദേശിക പത്രങ്ങളും പൊതുമാപ്പ് പ്രഖ്യാപിച്ചു എന്ന തരത്തിലുള്ള വാര്‍ത്തകള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഏതായാലും ഇക്കാര്യത്തില്‍ യഥാര്‍ത്ഥ വിവരം പ്രതീക്ഷിച്ചിരിക്കുകയാണ് വിദേശികള്‍.