സൗദി എയര്‍ലൈന്‍സ് തിരുവനന്തപുരത്തുനിന്ന് ഞാറാഴ്ച സര്‍വീസ് തുടങ്ങും

മനാമ: സൗദി എയര്‍ലൈന്‍സ് തിരുവനന്തപുരത്തുനിന്നും ഞായറാഴ്ച വിമാന സര്‍വീസ് ആരംഭിക്കും. തലസ്ഥാന നഗരിയായ റിയാദ്, ചെങ്കടല്‍ തുറമുഖ നഗരമായ ജിദ്ദ എന്നിവിടങ്ങളില്‍ നിന്ന് ആഴ്‌ചയില്‍ മൂന്നു വിമാന സര്‍വീസിനാണ് ഞായറാഴ്‌ച തുടക്കമാകുക. റിയാദില്‍ നിന്നും ഒരു സര്‍വീസും ജിദ്ദയില്‍ നിന്ന് രണ്ടു സര്‍വീസുമാണ് ഉണ്ടാകുക. റിയാദില്‍നിന്നും ഞായറാഴ്‌ചയും ജിദ്ദയില്‍ നിന്ന് വ്യാഴം, ശനി ദിവസങ്ങളിലായുമാണ് സര്‍വീസ്.

റിയാദില്‍ നിന്നും ആദ്യ വിമാനം എസ്‌വി 756 ഞായാഴ്‌ച പുലര്‍ച്ചെ 4.40ന് പുറപ്പെട്ട് ഉച്ചക്ക് പ്രാദേശിക സമയം 12.15 ന് തിരുവന്തപുരത്തെത്തും. ഉച്ചക്ക് 1.45 ന് തിരുവനന്തപുരത്തു നിന്നും തിരിച്ചുള്ള എസ്‌വി 757 വിമാനം വൈകിട്ട് നാലിനു റിയാദിലെത്തും. ജിദ്ദയില്‍ നിന്നും പുലര്‍ച്ചെ 3.35 ന് പറന്നുയരുന്ന എസ്‌വി 752 വിമാനം ഉച്ചക്ക് 12 ന് തിരുവനന്തപുരത്ത് എത്തും. ഉച്ചക്ക് ഒന്നരക്ക് പുറപ്പെടുന്ന എസ്‌വി 751 വിമാനം വൈകിട്ട് നാലിനു ജിദ്ദ കിങ് അബ്‌ദുല്‍ അസീസ് അന്താരാഷ്‌ട്ര വിമാനത്താവളത്തിലെത്തും.

ആദ്യമായാണ് തിരുവനന്തപുരത്തേക്ക് സൗദി എയര്‍ലൈന്‍സ് സര്‍വീസ് നടത്തുന്നത്. എയര്‍ബസ് എ330 വിമാനമാണ് സര്‍വീസിനുപയോഗിക്കുക. ഇതില്‍ 36 ബിസിനസ് ക്ലാസും 262 ഇക്കണോമി ക്ലാസും ഉണ്ട്. മലയാളികള്‍ ഏറെയുള്ള സൗദിയിലെ വന്‍കിട നഗരങ്ങളാണ് റിയാദും ജിദ്ദയും. നേരത്തെ റിയാദില്‍ നിന്നും മൂന്നു സര്‍വീസായിരിക്കും ഉണ്ടായിരിക്കുക എന്നായിരുന്നു റിപ്പോര്‍ട്ട്.

ഇതോടെ സൗദി എയര്‍ലൈന്‍സ് ഇന്ത്യയിലേക്ക് സര്‍വീസ് നടത്തുന്ന പട്ടണങ്ങളുടെ എണ്ണം എട്ടാകും. കൊച്ചി, ബംഗളൂരു, ചെന്നൈ, ഹൈദരാബാദ്, മുംബൈ, ലക്‌നൗ, ഡല്‍ഹി, എന്നിവിടങ്ങളിലേക്ക് നിലവില്‍ സര്‍വീസ് നടത്തുന്നുണ്ട്.