സൗദിയില്‍ അപകടത്തില്‍ പരിക്കേറ്റ മഞ്ചേരി സ്വദേശി മരിച്ചു

untitled-1-copyഖമീസ്മുശൈത്ത്: വാഹനാപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന മഞ്ചേരി സ്വദേശി പരേതനായ ചക്കിപ്പറമ്പന്‍ മൂര്‍ക്കാന്‍ചാലില്‍ കോയയുടെ മകന്‍ ബഷീര്‍(28) നിര്യാതനായി. ഖമീസ് മുശൈല്‍ വെള്ളക്കമ്പനിയില്‍ ജോലിക്കാരനായിരുന്നു. കമ്പനി ഗോഡൗണില്‍ നിന്ന് വെള്ളത്തിന്റെ ക്യാനുകള്‍ വാഹനത്തിലേക്ക് കയറ്റുന്നതിനിടെ സ്വദേശി പൗരന്‍ ഓടിച്ച വാഹനം ബഷീറിനെ ഇടിക്കുകയായിരുന്നു. ഇടിയെതുടര്‍ന്ന് തെറിച്ചു വീണ ബഷീറിനെ ഉടന്‍തന്നെ അല്‍ഹയാത്ത് ആശുപത്രി തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിക്കുകയായിരുന്നു. വെള്ളിയാഴ്ചയാണ് അപകടം സംഭവിച്ചത്. ചികിത്സയിലിരിക്കെ ശനിയാഴ്ച മരണം സംഭവിക്കുകയായിരുന്നു.

അപകടം ഉണ്ടാക്കിയ സ്വദേശിയുടെ വാഹനം നിയന്ത്രണം വിട്ട് അടുത്തുള്ള ഹോട്ടലില്‍ ഇടിച്ച് ഡ്രൈവര്‍ക്ക് സാരമായി പരിക്കേറ്റു. ഇയാളുടെ നിലയും ഗുരുതരമായി തുടരുകയാണ്.

ബഷീര്‍ സൗദിയിലെത്തിയിട്ട് ഒരു വര്‍ഷമെ ആകുന്നുള്ളു. തന്റെ മൂന്ന് മാസം പ്രായമായ മകളെ കാണാന്‍ നാട്ടിലേക്ക് പോകാനിരിക്കെയാണ് ദുരന്തം സംഭവിച്ചത്. ഭാര്യ: റഹീമ ഷെറിന്‍. അല്‍ഹയാത്ത് ഹോസ്പിറ്റല്‍ മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നടപടിക്രമങ്ങള്‍ക്ക് ശേഷം ഖമീസില്‍ തന്നെ ഖബറടക്കും.

 

കടപ്പാട് മാധ്യമം