സൗദിയില്‍ വാഹനാപകടത്തില്‍ മലയാളി കുടുംബത്തിലെ മൂന്ന് പേര്‍ മരിച്ചു

ജിദ്ദ: വാഹനാപകടത്തില്‍ മൂന്നു മലയാളികള്‍ മരിച്ചു. മക്ക-മദീന അതിവേഗപാതയില്‍ ഖുലൈസിനടുത്താണ് അപകടം സംഭവിച്ചത്. തൃശൂര്‍ വെള്ളികുളങ്ങര സ്വദേശികളായ കറുപ്പന്‍ വീട്ടില്‍ അഷറഫ്, ഭാര്യ റസിയ, മകള്‍ ഹഫ്‌സാന അഷ്‌റഫ് എന്നിവരാണ് മരിച്ചത്. ഇവരുടെ മറ്റ് രണ്ട് മക്കള്‍ നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു.

നാലുദിവസം മുന്‍പെയാണ് ഉംറ നിര്‍വഹിക്കാന്‍ അഷറഫിന്റെ ഭാര്യയും മക്കളും സന്ദര്‍ശക വിസയില്‍ എത്തിയത്. ഉംറ നിര്‍വഹിച്ച ശേഷം മക്കയിലെ ഹറം പള്ളിയില്‍ പെരുന്നാള്‍ നമസ്‌ക്കാരം കഴിഞ്ഞ് മദീന സന്ദര്‍ശിക്കാന്‍ പോകുമ്പോഴാണ് കുടുംബം അപകടത്തില്‍പ്പെട്ടത്.

ദമാമില്‍ ടാക്‌സി ഡ്രൈവറായിരുന്നു അഷ്‌റഫ്. മൃതദേഹങ്ങള്‍ ഖുലൈസ് ജനറല്‍ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.