ശശികലയ്ക്ക് ജയിലില്‍ സുഖജീവിതം;ജയിലിന് പുറത്തു പോകുന്ന വീഡിയോയുമായി ഡിഐജി രൂപ

ബംഗളൂരു: അനധികൃത സ്വത്ത് സമ്പാദന കേസില്‍ ശിക്ഷിക്കപ്പെട്ട് ജയിലില്‍ കഴിയുന്ന എ ഐ എ ഡി എം കെ ജനറല്‍ സെക്രട്ടറി ശശികല ജയിലില്‍ സുഖവാസത്തിലാണെന്ന് തെളിയിക്കുന്ന കൂടുതല്‍ തെളിവുകള്‍ പുറത്ത്. ശശികലയും ബന്ധു ഇളവരശിയും ജയിലിന് പുറത്തുപോകാറുണ്ടെന്ന് തെളിയിക്കുന്നവീഡിയോയാണ് പുറത്തായിരിക്കുന്നത്. കര്‍ണാടക ഡിഐജി ഡി.രൂപയാണ് അഴിമതി വിരുദ്ധ ബ്യൂറോ ഉദ്യോഗസ്ഥര്‍ക്ക് വീഡിയോ ദൃശ്യങ്ങള്‍ കൈമാറിയത്.

പരപ്പന അഗ്രഹാര ജയിലില്‍ മിന്നല്‍ സന്ദര്‍ശനം നടത്തിയപ്പോഴാണ് ഇവര്‍ ഇതിനെ സാധൂകരിക്കുന്ന വീഡിയോ ദൃശ്യങ്ങള്‍ ശേഖരിച്ചത്. ജയില്‍ മേധാവിയായ സത്യനാരായണ റാവുവിനെ സ്വാധീനിച്ചാണ് ശശികലയും ഇളവരശിയും ജയിലില്‍ സുഖജീവിതം തുടരുന്നതെന്നും. ഇതിന് സത്യനാരായണറാവു പണം കൈപ്പറ്റിയിട്ടുണ്ടെന്നും രൂപ നേരത്തെ മേലുദ്യോഗസ്ഥര്‍ക്ക് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ഇത് വിവാദമായതോടെ ഇക്കാര്യം അന്വേഷിക്കാന്‍ കര്‍ണാടക സര്‍ക്കാര്‍ അഴിമതി വിരുദ്ധ സമിതിയോട് നിര്‍ദേശിക്കുകയായിരുന്നു.